മൂന്നാര്‍: മൂന്നാറിലെ പ്രളയബാധിതര്‍ക്ക് ദുരിതാശ്വാസതുക ഇനിയും കിട്ടിയില്ല. തുക കിട്ടാത്ത ഇവരുടെ ജീവിതം വഴി മുട്ടിയിരിക്കുകയാണ്. ഇപ്പോള്‍ താമസിക്കുന്ന വീടുകളുടെ വാടക കൊടക്കാന്‍ കഴിയാതെയും ദുരിതത്തിലാണ് പ്രളയത്തില്‍ സ്വന്തം വീടുകള്‍ തകര്‍ന്ന കുടുംബങ്ങള്‍.
മൂന്നാര്‍ ഇരുപത് മുറിയിലെ കുടുംബങ്ങള്‍ക്കാണ് പ്രളയത്തില്‍ ഏറെ നഷ്ടമുണ്ടായത്. ജീവിത സമ്പാദ്യം മുഴുവന്‍ നശിച്ചതിനൊപ്പം സര്‍ക്കാര്‍ നിലപാടും നൊമ്പരപ്പെടുത്തുന്നതായി ഇവര്‍ പറയുന്നു.
താമസിച്ചിരുന്ന വീടും സ്ഥലവും, ഉപജീവനമാര്‍ഗ്ഗങ്ങളുമാണ് പ്രളയത്തില്‍ നശിച്ചത്. മഴ മാറിയതോടെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും പുറത്താക്കി. പക്ഷേ സര്‍ക്കാരിന്റെ പ്രഖ്യാപിത സഹായധനമായ പതിനായിരം രൂപ കിട്ടിയില്ല. താമസിക്കുന്ന വീടുകളുടെ വാടക നല്‍കുമെന്ന വാഗ്ദാനവും നടപ്പാകാത്തതാണ് ഇവരുടെ ദുരിതം കൂട്ടുന്നത്.
അതേസമയം, പ്രളയബാധിതര്‍ക്ക് താമസ സൗകര്യം ഒരുക്കുമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കിട്ടിയിട്ടില്ലെന്നാണ് പഞ്ചായത്തിന്റെ നിലപാട്. സഹായം അപേക്ഷിച്ച് റവന്യൂ, പഞ്ചായത്ത് ഓഫീസുകള്‍ പലവട്ടം കയറിയിറങ്ങിയിട്ടും ഫലമില്ല. ചിലര്‍ക്ക് 10,000 രൂപയും, ചിലര്‍ക്ക് 6,200 രൂപയും കിട്ടി. കുടുംബശ്രീ വഴിയുളള സഹായവും ചിലര്‍ക്ക് നിഷേധിക്കപ്പെട്ടു.