കണ്ണൂര്‍: ഉദ്ഘാടനം അടുത്തിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സന്ദര്‍ശിച്ചു. ഡിസംബര്‍ 9 ന് ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്ന വിമാനത്താവളത്തിന്റെ അന്തിമഘട്ട ഒരുക്കങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി. മന്ത്രിമാരായ ഇ പി ജയരാജന്, കെകെ ശൈലജ, രാമചന്ദ്രന് കടന്നപ്പള്ളി, കിയാല്‍ എംഡി വി തുളസീദാസ് തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.
ആഗമന- നിര്‍ഗമന ടെര്‍മിനലുകള്‍, ബാഗേജ് പരിശോധനാ സംവിധാനങ്ങള്‍, എയര്‍ ട്രാഫിക് കണ്ട്രോള് ടവര്‍, സിസിടിവി കണ്ട്രോള് റൂം തുടങ്ങിയവ മുഖ്യമന്ത്രി നേരില്‍ കണ്ട് ക്രമീകരണങ്ങള്‍ വിലയിരുത്തി. ഉദ്ഘാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി.