പത്തനംതിട്ട: വനംവകുപ്പിനെതിരെ വിമര്‍ശനവുമായി ദേവസ്വം പ്രസിഡന്റ് എ പദ്മകുമാര്‍. ശബരിമലയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ചില ശ്രമങ്ങള്‍ വനംവകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്നതായി അദ്ദേഹം പറഞ്ഞു. മാസ്റ്റര്‍ പ്ലാന്‍ ചൂണ്ടിക്കാട്ടി വനംവകുപ്പ് ശത്രുതാപരമായ നിലപാട് സ്വീകരിക്കുകയാണെന്നായിരുന്നു എ പദ്മകുമാറിന്റെ വിമര്‍ശനം.
വനംവകുപ്പ് ശത്രുതാപരമായ നിലപാട് സ്വീകരിക്കാതെ ക്ഷേത്രം നിലനിര്‍ത്താനുള്ള പിന്തുണ നല്‍കണമെന്നും പദ്മകുമാര്‍ ആവശ്യപ്പെട്ടു. ശബരിമല വികസനവുമായി ബന്ധപ്പെട്ട് എന്ത് ചെയ്താലും കേസ് കൊടുക്കുമെന്ന തരത്തിലാണ് വനംവകുപ്പ് ഭീഷണിപ്പെടുത്തുന്നത്. പുരകത്തുമ്പോള്‍ വാഴവെട്ടാം എന്ന നിലയിലാണ് ചിലരുടെ പെരുമാറ്റം.
മനുഷ്യര്‍ ശബരിമലയ്ക്ക് വേണ്ടി എന്തും തരാന്‍ തയ്യാറാണ്. പക്ഷേ ചൂഷണം ചെയ്തുകളയരുത്. അത്രേയുള്ളൂ. ചെങ്ങന്നൂര്‍ ബേസ് ക്യാമ്പ് എന്ന രൂപത്തില്‍ കൂടുതല്‍ സൗകര്യം ഒരുക്കിക്കൊണ്ടിരിക്കുകയാണ്. 20 ഇടത്താവളം പുതുതായി ആരംഭിക്കും. കുടിവെള്ളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇടത്താവളങ്ങില്‍ ഉണ്ടാകും. 17 ാം തിയതി നടതുറക്കുന്നതോടെ എല്ലാ സൗകര്യവും പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
സ്ത്രീകള്‍ കയറിയാലും ഇല്ലെങ്കിലും പദ്മകുമാര്‍ രാജിവെക്കണമെന്നാണ് ചിലര്‍ പറയുന്നത്. ആ അസുഖത്തിന് ചികിത്സയില്ലെന്നും എ പദ്മകുമാര്‍ പറഞ്ഞു.