കൊച്ചി: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിധിക്കെതിരേ ചിലര്‍ നല്കിയ പുനഃപരിശോധന ഹര്‍ജി തീര്‍പ്പാകുന്നതുവരെ സര്‍ക്കാരിന് കാത്തു നില്ക്കാന് കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയണമെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ തീര്‍പ്പാകുന്നതു വരെ തല്‍സ്ഥിതി തുടരണമെന്നും ആവശ്യപ്പെട്ട് സര്‍പ്പിച്ച സ്വകാര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍ വന്നത്.
ശബരിമലയില്‍ സര്‍ക്കാര്‍ ചെയ്തത് നിയമപരമായ കാര്യങ്ങള്‍ മാത്രമാണ്. ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം എന്ന് വിധിച്ചത് സുപ്രീംകോടതിയാണ്. അതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും ഹര്ജിക്കാരന് വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിലപാടെടുത്തു.
കോടതി നിലപാട് വ്യക്തമാക്കിയതോടെ ഹര്ജിക്കാരന് കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ വലിയ ക്രമസമാധാന പ്രശ്നമുണ്ടായത് കോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവന്നു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ തടയുന്നതിനാണ് രാജ്യത്ത് നിയമസംവിധാനം നിലവിലുള്ളതെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി.
പിന്നാലെ ഹര്‍ജി പിന്‍വലിക്കുന്നോ തള്ളണോ എന്നും ഹര്‍ജിക്കാരനോട് ഹൈക്കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ മറുപടി നല്കാന് ഹര്ജിക്കാരന് കോടതി സമയം അനുവദിച്ചു.