മറയൂര്‍: മറയൂരില്‍ സ്വകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കര്‍ശനാട് സ്വദേശികളായ സഹോദരങ്ങളാണ് എട്ടു ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടത്തിയത്. മറയൂര്‍ ടൗണിലെ സ്വകാര്യ സ്വര്‍ണ്ണ പണയ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ കേസില്‍ കര്‍ശതനാട് കട്ടിപറമ്പില്‍ ഷന്മുഖവേലുവാണ് അറസ്റ്റിലായത്.
സഹോദരന് ശക്തിവേലുവിനായുള്ള തിരിച്ചില്‍ പോലീസ് ശക്തമാക്കി. കഴിഞ്ഞ എട്ടുമാസത്തിനിടെ എട്ടു ലക്ഷത്തി അമ്പത്തി രണ്ടായിരം രൂപയാണ് ഇവര്‍ മുക്കുപണ്ടം പണയംവെച്ച് തട്ടിയത്.
ബാങ്കില്‍ ഓഡിറ്റേഴ്സ് നടത്തിയ പരിശോധനയിലാണ് സഹോദരങ്ങള്‍ പലപ്പോഴായി പണയംവച്ച 389 ഗ്രാം സ്വര്‍ണ്ണം മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. ധനകാര്യ സ്ഥാപനത്തിന്റെ പരാതിയില്‍ അറസ്റ്റ് ചെയ്ത ഷന്മുഖവേലുവിനെ പോലീസ് ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ദേവികുളം കോടതില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.