തിരുവനന്തപുരം: ടോമിന് ജെ തച്ചങ്കരിയെ രൂക്ഷമായി വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമല അവലോകനയോഗത്തിനിടയില് നിന്നും ഇറങ്ങിപ്പോയതിനാണ് കടകംപള്ളി സുരേന്ദ്രന് വിമര്‍ശിച്ചത്.
തിരക്കുള്ളവര്‍ യോഗത്തിലേക്ക് വരേണ്ടിയിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. അവലോകന യോഗത്തില്‍ ഓണ്‍ലൈന്‍ ബുക്കിംഗുമായി ബന്ധപ്പെട്ട് ചര്‍ച്ച തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് കെഎസ്ആര്‍ടിസി എംഡി കൂടിയായ ടോമിന് ജെ തച്ചങ്കരി ഇറങ്ങിപ്പോയത്.
യോഗത്തിലേക്ക് നേരത്തെ ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും മന്ത്രിമാരാരും എത്തിയിരുന്നില്ല. ഇതോടെ യോഗത്തില്‍ നിന്ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും വിട്ട് നിന്നിരുന്നു.
ശബരിമല ക്ഷേത്രത്തില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ എതിര്‍പ്പു നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗം. മണ്ഡല തീര്‍ത്ഥാടന കാലവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ഒരു ആശങ്കയും വേണ്ടന്ന് യോഗത്തില്‍ ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. പലരും ദര്‍ശനത്തിനായി ആശങ്കയോടെ വിളിക്കുന്നുണ്ടെന്നും ഡിജിപി പറഞ്ഞു. ഇന്നലെ മാത്രം 35,000 പേര് പോലീസിന്റെ പോര്‍ട്ടല്‍ വഴി ദര്‍ശനം മുന്‍കൂട്ടി ബുക്ക് ചെയ്തുവെന്നും ഡിജിപി അറിയിച്ചു.