കൊച്ചി: ജില്ലയിലെ അനധിക്യത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തു. പാതയോരങ്ങളില്‍ നിന്നും ഇവ നീക്കം ചെയ്യാന്‍ ഹൈക്കോടതി അനുവദിച്ച സമയപരിധി പൂര്‍ത്തിയായതോടെ ജില്ലയില്‍ നിന്നും നീക്കം ചെയ്തത് ഇരുപത്തി ഒന്‍പതിനായിരം ബാനറുകളും ബോര്‍ഡുകളുമാണ്.
ഏറ്റവും കടുതല്‍ അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്ന എറണാകുളം ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി ഏകദേശം 28996 പരസ്യ ബാനറുകളും ബോര്‍ഡുകളും നീക്കം ചെയ്തു. ഏറ്റവും കൂടുതല്‍ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തത് കൊച്ചി കോര്പ്പറേഷന് പരിധിയില്‍ നിന്നാണ്.11856 എണ്ണം. പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പറേഷനെതിരെ ഹൈക്കോടതി നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
പാതയോരങ്ങളിലെയും മറ്റും അനധികൃത പരസ്യബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാന്‍ ഹൈക്കോടതി അനുവദിച്ച സമയപരിധി ഇന്നലെയാണ് അവസാനിച്ചത്. ഈ മാസം മുപ്പതിനുള്ളില്‍ അനധികൃത പരസ്യ ബോര്‍ഡുകളും ഹോര്‍ഡിംഗുകളും നീക്കണമെന്നാവശ്യപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതു പ്രകാരം മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചു. പല തദ്ദേശസ്വയം ഭരണസസ്ഥാപനങ്ങളും അവധി ദിനങ്ങള്‍ പ്രവര്ത്തിദിനമാക്കിയായിരുന്നു ഈ ജോലി പൂര്‍ത്തീകരിച്ചത്.