കൊച്ചി: ലോക പര്യടനത്തിന് ശേഷം ഐഎന്‍എസ് തരംഗിണി കൊച്ചിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ നാവിക സേനയുടെ പരിശീലന കപ്പലാണ് ഐഎന്‍എസ് തരംഗിണി. ഏപ്രില്‍ 10ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട കപ്പല്‍ ഏഴ് മാസത്തെ ലോക പര്യടനത്തിനുശേഷമാണ് മടങ്ങിയെത്തിയിരിക്കുന്നത്.
ഓഫീസര്‍ ട്രെയിനികളായ നാവികര്‍ക്കു ദീര്‍ഘദൂര കപ്പലോട്ട പരിശീലനം നല്കുന്ന പായ്ക്കപ്പലാണ് തരംഗിണി. 13 രാജ്യങ്ങളിലെ 15 തുറമുഖങ്ങള്‍ യാത്രയോടനുബന്ധിച്ച് സന്ദര്‍ശിച്ചു. യാത്രയുടെ ഭാഗമായി നോര്‍വേയില്‍ നാവികരെ ആദരിക്കുന്ന ചടങ്ങിലും ഇംഗ്ലണ്ടിലും ഫ്രാന്‍സിലും നോര്‍വേയിലും നടന്ന രാജ്യാന്തര പായ്ക്കപ്പലോട്ട മത്സരങ്ങളിലും തരംഗിണി പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ റിയര്‍ അഡ്മിറല്‍ ആര്‍ജെ നഡ്കരിയുടെ നേതൃത്വത്തില്‍ തരംഗിണി കപ്പലിനെ സ്വീകരിച്ചു.
കമാന്‍ഡര്‍ രാഹുല്‍ മേത്തയുടെ നേതൃത്വത്തില്‍ ഒമ്പത് ഓഫീസര്‍മാരും 43 നാവികരുമാണ് തരംഗിണിയിലുണ്ടായിരുന്നത്. ഒരേസമയം 30 ഓഫീസര്‍ ട്രെയിനികള്‍ക്ക് കപ്പലില്‍ പരിശീലനം നല്‍കാനാകും. ഏഴ് മാസംകൊണ്ട് 2,22,000 നോട്ടിക്കല്‍ മൈല്‍ ദൂരമാണ് തരംഗിണി യാത്ര ചെയ്തത്. അറബിക്കടല്‍, ചെങ്കടല്‍, സൂയസ് കനാല്‍, മധ്യധരണ്യാഴി, ജിബ്രാള്‍ട്ട് കടലിടുക്ക്, നോര്‍ത്ത് അറ്റ്ലാന്റിക് കടല്‍ എന്നിവിടങ്ങളിലൂടെയായിരുന്നു കപ്പലിന്റെ യാത്ര.