അഗളി: ശബരിമല പ്രവേശനത്തിന് ശ്രമിച്ച അധ്യാപിക ബിന്ദു തങ്കം കല്യാണിയ്ക്കെതിരെ ക്ലാസിലെ കുട്ടികളും രംഗത്ത്. ക്ലാസിലേയ്ക്ക് കയറിയ ബിന്ദുവിനെ കൂട്ടികള്‍ ഒന്നടങ്കം കൂട്ട ശരണം വിളിച്ച് വരവേല്‍ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കുട്ടികള്‍ക്കെതിരേ പരാതിയുമായി ബിന്ദു പ്രിന്‍സിപ്പലിനെ സമീപിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍നിന്ന് സ്ഥലംമാറ്റം ലഭിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് അഗളി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെത്തിയത്. തുടര്‍ന്ന്, ക്ലാസിലെത്തിയ അധ്യാപികയെ കുട്ടികള്‍ ശരണംവിളിച്ചാണ് എതിരേറ്റത്.
ഇക്കാര്യത്തില്‍ ചൊവ്വാഴ്ച രാവിലെ സ്കൂള്‍ പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ ചൊവ്വാഴ്ചയും കുട്ടികളുടെ ഭാഗത്തുനിന്ന് ഇതേനടപടി ആവര്‍ത്തിച്ചതിനെത്തുടര്‍ന്ന് ബിന്ദു സ്കൂള്‍ പ്രിന്‍സിപ്പലിന് പരാതി എഴുതി നല്കി.
പ്രിന്‍സിപ്പല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കുട്ടികളുടെ അസംബ്ളി വിളിച്ചുചേര്‍ത്ത് കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. അധ്യാപികയും കുട്ടികളും തമ്മില്‍ സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്തതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു.