ആലപ്പുഴ: നോട്ടിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് നാടോടി കച്ചവടക്കാരെ കബളിപ്പിച്ച യുവാവ് അറസ്റ്റില്‍. 2000, 500, 200 രൂപയുടെ വ്യാജ നോട്ടുകള്‍ ഉണ്ടാക്കി കച്ചവടക്കാരെ കബളിപ്പിച്ച ഓലകെട്ടിയമ്പലം പുളിമൂട്ടില്‍ അനു വര്‍ഗീസ് (31) ആണ് പോലീസ് പിടിയിലായത്. അബുദാബിയില്‍ ജോലി ചെയ്യുന്ന അനു കഴിഞ്ഞ ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന കളര്‍ ഫോട്ടോസ്റ്റാറ്റ് മെഷീന് ഉപയോഗിച്ചായിരുന്നു നോട്ടുകളുടെ ഫോട്ടോസ്റ്റാറ്റ് എടുത്തത്.
ദിവസങ്ങള്‍ക്കു മുമ്പ് കൃഷ്ണപുരത്ത് ദേശീയപാതയില്‍ ബലൂണ്‍ കച്ചവടം നടത്തുന്ന രാജസ്ഥാന് സ്വദേശിയായ കച്ചവടക്കാരനാണ് ആദ്യമായി തട്ടിപ്പിന് ഇരയായത്. രണ്ടായിരത്തിന്റെ ഫോട്ടോസ്റ്റാറ്റ് നോട്ട് നല്കിയ ശേഷം നൂറു രൂപയുടെ ബലൂണ്‍ വാങ്ങി. കച്ചവടക്കാരന് ബാക്കി പണം നല്‍കുകയും ചെയ്തു. നാടോടികള്‍ റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലില്‍ ഭക്ഷണം കഴിച്ച് 2000 രൂപയുടെ നോട്ട് നല്‍കിയപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചയോടെ വീണ്ടും രണ്ടായിരത്തിന്റെ നോട്ടുമായി അനു ബലൂണ്‍ വാങ്ങാന്‍ എത്തിയപ്പോള്‍ കച്ചവടക്കാര്‍ നാട്ടുകാരുമായി തടഞ്ഞ് നിര്‍ത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തുകയും സ്കാനറും നോട്ടുകളുടെ ഫോട്ടോസ്റ്റാറ്റും പിടിച്ചെടുക്കുകയും ചെയ്തു. ആദ്യമായാണ് ഇയാള്‍ ഇത്തരം തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. ഇരുപുറവും ഫോട്ടോസ്റ്റാറ്റ് എടുത്തശേഷം കത്രിക കൊണ്ട് മുറിച്ചെടുത്താണ് വ്യാജനോട്ട് ഉണ്ടാക്കിയത്. ഇത് ഒറ്റ നോട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിയുന്നതാണന്നും പോലീസ് പറഞ്ഞു.