തിരുവനന്തപുരം: സമീപ പ്രദേശങ്ങളില്‍ കഞ്ചാവ് കൈമാറുന്ന യുവാവിനെക്കുറിച്ച് വിവരം എക്സൈസിന് കൈമാറിയ ഓട്ടോ ഡ്രൈവറെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം. കാറിലും ബൈക്കിലുമായെത്തിയ സംഘമാണ് യുവാവിനെ ആക്രമിക്കാന്‍ ശ്രമം നടത്തിയത്. തമ്പാനൂരില്‍ വെച്ചായിരുന്നു ആക്രമണം. ഡ്രൈവര്‍ ഷെഫീക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതിനാല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു.
ഷെഫീഖിന്റെ ഓട്ടോയ്ക്ക് മുന്നില്‍ ചാടിവീണ അനീഷും സംഘവും ഇയാളെ വാഹനത്തില്‍ നിന്ന് തള്ളിയിട്ട് മര്‍ദ്ദിച്ചു. തുടര്‍ന്ന് വാഹനം തല്ലിപ്പോളിച്ചതിന് പിന്നാലെ ആയുധമെടുത്ത് വെട്ടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. ഡ്രൈവറായ ഷെഫീഖും കഞ്ചാവ് കേസില്‍ പ്രതിയായിരുന്നു. വിതുര സ്വദേശികളായ ഷെഫീക്കും- അനീഷും ഇടനിലക്കാരനായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇടയ്ക്ക് തെറ്റിപ്പിരിഞ്ഞതോടെ അനീഷിനെ കുറിച്ചുള്ള വിവരങ്ങള്‍ ഷെഫീഖില്‍ നിന്നും എക്സൈസ് ശേഖരിച്ചു. അനീഷിനെ എക്സൈസ് പിടികൂടിയതാണ് വധശ്രമത്തിനുള്ള പ്രകോപനത്തിന് കാരണം. രാവിലെ മുതല്‍ അക്രമിസംഘത്തിലുണ്ടായിരുന്ന അനീഷ് ഫോണിലേക്ക് വിളിച്ചുകൊണ്ടിരുന്നതായി ഷെഫീഖ് പോലീസിന് മൊഴി നല്കി. പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.