തിരുവനന്തപുരം: സ്ത്രീപ്രവേശന കോടതി വിധിയില്‍ ശബരിമലയില്‍ അഴിച്ച് വിട്ട സംഘര്‍ഷത്തില്‍ അറസ്റ്റ് 2000 കടന്നു. ഇതുവരെ 2061 പേരാണ് അറസ്റ്റിലായത്. 452ഓളം കേസുകളും രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ യാത്രികരെ വഴിതടഞ്ഞ സ്ത്രീകള്‍ക്കും പിടിവീഴുമെന്ന് പോലീസ് അറിയിച്ചു. ശബരിമലയിലുണ്ടായ അക്രമസംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ധാരണയായിരുന്നു. ഇതിനു ശേഷം ജില്ലാ അടിസ്ഥാനത്തില്‍ ആളുകളെ തിരിച്ചറിഞ്ഞ് നടപടികള്‍ സ്വീകരിച്ചു വരികയാണ്.
ഇന്നലെ രാത്രിയും പ്രതികള്‍ക്ക് വേണ്ടി സംസ്ഥാന വ്യാപകമായി റെയ്ഡ് നടന്നുവെന്നാണ് അറിയുന്നത്. അറസ്റ്റിലായവരില്‍ 1500–ഓളം പേര് ജാമ്യത്തില്‍ ഇറങ്ങിയിട്ടുണ്ട്. ലക്ഷങ്ങള്‍ നല്‍കിയാണ് ജാമ്യം എടുക്കുന്നത്. ഇനിയുള്ള ദിവസങ്ങളിലും പ്രതികള്‍ക്ക് വേണ്ടിയുള്ള റെയ്ഡും പരിശോധനകളും തുടരുമെന്ന് അധകൃതര്‍ അറിയിച്ചു. പ്രതികളെന്ന് സംശയിക്കുന്ന കൂടുതല്‍ പേരുടെ ചിത്രങ്ങള്‍ ഇന്ന് വൈകുന്നേരത്തോടെ പുറത്ത് വിടും. വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമായി പരിശോധിച്ച ശേഷമാണ് അറസ്റ്റ് നടക്കുന്നതെന്ന് പോലീസ് പ്രതികരിച്ചു.
പോലീസിനെ ആക്രമിക്കുക, സ്ത്രീകളെ ആക്രമിക്കുക, സംഘം ചേര്‍ന്ന് കലാപം നടത്താന്‍ ശ്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയവരെയെല്ലാം റിമാന്‍ഡ് ചെയ്യുകയാണ്. ബാക്കിയുള്ളവരെ സ്റ്റേഷന് ജാമ്യത്തിലും കോടതി ജാമ്യത്തിലുമാണ് വിട്ടയച്ചത്. നിലയ്ക്കലിലും മറ്റും വാഹനം തടഞ്ഞ സ്ത്രീകളെ കണ്ടെത്താനും പോലീസ് ശ്രമം തുടങ്ങി. സ്പെഷ്യല്‍ ബ്രാഞ്ച് വഴി ഇവരെ തിരിച്ചറിയാനും കണ്ടെത്താനുമുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്.
നേരത്തെ കണ്ടാലറിയാവുന്നവരുടെ പേരില്‍ കേസെടുത്തപ്പോള്‍ അതിലും ധാരാളം സ്ത്രീകളും ഉള്‍പ്പെട്ടതായാണ് വിവരം. ശബരിമല കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്ന ഘട്ടത്തില്‍ ആവശ്യമെങ്കില്‍ പ്രതിഷേധകാര്‍ക്കും അക്രമികള്‍ക്കുമെതിരെ സ്വീകരിച്ച നടപടികളുടെ വിശദവിവരങ്ങള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചേക്കും.