തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ അനുകൂലിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. അയ്യപ്പന് ബ്രഹ്മചര്യമെന്നാല്‍ പൂജിക്കുന്ന തന്ത്രിയും ബ്രഹ്മചാരി ആയിരിക്കണമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഈ ആശയം തന്നെയാണ് സന്ദീപാനന്ദ ഗിരിയും പങ്കുവെച്ചിട്ടുള്ളത്. ശബരിമലയില്‍ എല്ലാ മാസവും നട തുറക്കുന്ന തന്ത്രിയും മറ്റും 365 ദിവസവും ബ്രഹ്മചാരിയായിരിക്കേണ്ടേയെന്ന് അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ചോദ്യം.
”ശബരിമല ദര്‍ശനത്തിന് 41 ദിവസത്തെ ബ്രഹ്മചര്യവ്രതം വേണമെന്നിരിക്കെ എല്ലാ മാസവും നട തുറക്കുന്ന തന്ത്രിയും മറ്റും 365 ദിവസവും ബ്രഹ്മചാരിയായിരിക്കേണ്ടേ? ചോദ്യം പ്രസക്തവും ലളിതവുമാണ്”- സന്ദീപാനന്ദ ഗിരി ഫേസ്ബുക്കില്‍ കുറിച്ചു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചുള്ള പ്രതിഷേധങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നേരത്തെയും സ്വാമി സന്ദീപാനന്ദ ഗിരി രംഗത്തെത്തിയിരുന്നു.
ശബരിമല അയ്യപ്പനെ സമരക്കാര്‍ ഒന്നിനും കൊള്ളാത്ത ആളാക്കി മാറ്റി എന്നും ബ്രഹ്മചര്യ സങ്കല്പത്തെ അപമാനിക്കുകയാണ് സമരക്കാര്‍ ചെയ്യുന്നതെന്നും സന്ദീപാനന്ദ ഗിരി പറഞ്ഞിരുന്നു. ശബരിമലനട അടച്ചിടുമെന്ന് പറഞ്ഞ തന്ത്രി താന്ത്രികവിധിപ്രകാരവും ഭരണഘടനയനുസരിച്ചും അയോഗ്യനായെന്നും പൂട്ടി താക്കോലെടുക്കുമെന്ന് പറഞ്ഞവര്‍ അത് ദളിത് പൂജാരിമാര്‍ക്ക് കൈമാറണമെന്നും സന്ദീപാനന്ദഗിരി ആവശ്യപ്പെട്ടിരുന്നു.
ബ്രഹ്മചര്യം അനുഷ്ഠിക്കുന്നയാളായ അയ്യപ്പനെ സ്ത്രീകള്‍ക്ക് കാണാന്‍ പാടില്ല എന്നുപറയുന്നവര്‍ അയ്യപ്പനെ അവഹേളിക്കുകയാണ്. പെട്രോളിന്റെയും രൂപയുടെ മൂല്യത്തകര്‍ച്ചയുടെയും പേരിലാണ് ഈ സമരമെങ്കില്‍ കേരളം അംഗീകരിക്കുമായിരുന്നു. മുതലെടുപ്പിന് വിശ്വാസികളെ കബളിപ്പിച്ച് തെരുവിലിറക്കുന്ന തന്ത്രം യഥാര്‍ഥ വിശ്വാസികള്‍ തിരിച്ചറിയണമെന്നും സന്ദീപാനന്ദ ഗിരി ആവശ്യപ്പെട്ടിരുന്നു.
ബദരിയില്‍ ബ്രഹ്മചാരിയാണ് പൂജകന്. അങ്ങനെയെങ്കില്‍ നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ പൂജിക്കുന്ന താഴമണ്‍ കുടുംബത്തിലെ തന്ത്രിമാര്‍ എന്തുകൊണ്ട് ബ്രഹ്മചാരികളല്ല എന്ന് യുക്തിബോധമുള്ളവര്‍ ചിന്തിക്കണം. തന്ത്രികുടുംബത്തില്‍ ഒരാള്‍ക്കുപോലും അയ്യപ്പനെന്ന പേരില്ല എന്നതും ഇവിടെ കൂട്ടിവായിക്കണം സന്ദീപാനന്ദ ഗിരി പറഞ്ഞിരുന്നു.