ആലുവ: കെഎസ്ആര്‍ടിസി ബസ് സ്റ്റോപ്പില്‍ നിര്‍ത്താതിരുന്നത് ചോദ്യം ചെയ്ത യുവാവിനെ കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി. ആലുവ വെളിയത്ത് നാട് സ്വദേശി സുല്‍ഫിക്കറിനാണ് ബസിനുള്ളില്‍ വച്ച് മര്‍ദ്ദനമേറ്റത്.
ആലുവ പറവൂര്‍ കവലയില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് യാത്ര ചെയ്യാനായി കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ കയറിയപ്പോഴാണ് സുള്‍ഫിക്കറിന് മര്‍ദ്ദനമേറ്റത്. സ്റ്റോപ്പില്‍ യാത്രക്കാര്‍ കൈകാണിച്ചെങ്കിലും ബസ് നിര്‍ത്തിയില്ല. തൊട്ടടുത്തുള്ള ട്രാഫിക് സിഗ്നലില്‍ ബസ് നിര്‍ത്തേണ്ടി വന്നപ്പോള്‍ സ്റ്റോപ്പിലുണ്ടായിരുന്നവര്‍ ഓടിയെത്തി ബസില്‍ കയറി.
ഇവര്‍ സ്റ്റോപ്പില്‍ നിര്‍ത്താതിരുന്നത് ചോദ്യം ചെയ്തു. തുടര്‍ന്ന് കണ്ടക്ടറും യാത്രക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെ സുള്‍ഫിക്കറിന്റെ മൊബൈല്‍ കണ്ടക്ടര്‍ പിടിച്ച് വാങ്ങി. തുടര്‍ന്ന് ബസ് നിര്‍ത്തി ഇറങ്ങി വന്ന ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.
ഇരുവരും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മറ്റൊരു യാത്രക്കാരന് മൊബൈലില്‍ പകര്‍ത്തി. മര്‍ദ്ദനത്തെ തുടര്‍ന്ന് പരുക്കേറ്റ സുള്‍ഫിക്കര്‍ ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.