പള്ളിപ്പുറം: അന്തരിച്ച വൈദികന് ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ജന്മദേശമായ പള്ളിപ്പുറത്ത് എത്തിച്ചു. ഇന്ന് ഉച്ചയോടെ സംസ്കാരം നടത്തും. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ഇളയ സഹോദരന് ജോര്‍ജ് കുര്യന് താമസിക്കുന്ന കുടുംബവീട്ടിലെത്തിച്ചത്. ഉച്ചയ്ക്ക് 12-ന് കുടുംബവീട്ടില്‍ നടക്കുന്ന ശവസംസ്കാര ശുശ്രൂഷകള്‍ക്കുശേഷം രണ്ടോടെ പള്ളിപ്പുറം സെയ്ന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിലാണ് മൃതദേഹം അടക്കം ചെയ്യുക.
എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് പള്ളിച്ചന്തയില്‍ കാട്ടുതറ കുടുംബയോഗത്തിന്റെ നേതൃത്വത്തില്‍ അനുശോചനസമ്മേളനം നടക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് വൈദികനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്കിയ വൈദികനാണ് ഫാ. കുര്യാക്കോസ് കാട്ടുത്തറ. ഇദ്ദേഹത്തിന്റെ മരണം കൊലപാതകമാണെന്ന് അടിയുറച്ച് വിശ്വസിക്കുകയാണ് കുടുംബം.
ചൊവ്വാഴ്ച ജലന്ധറില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബുധനാഴ്ച വൈകീട്ട് 5.50-ന് ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയിലെത്തിച്ചു. അച്ചന്റെ സഹോദരങ്ങളും ഫാ. ജോസ് പടയാട്ടിലും മറ്റു ബന്ധുക്കളും മൃതദേഹത്തത്തോടൊപ്പമുണ്ടായിരുന്നു. പള്ളിപ്പുറത്ത് രാത്രി വൈകിയും നൂറുകണക്കിന് വിശ്വാസികളും പള്ളിപ്പുറം ഫൊറോനയിലെ വൈദികരും കന്യാസ്ത്രീകളും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു.