കോട്ടയം: ഫാദര്‍ കാട്ടുത്തറയുടെ മരണത്തിനു പിന്നാലെ തങ്ങള്‍ക്കും ജീവഹാനി വന്നേക്കാമെന്ന് ഭയത്തോടെ സിസ്റ്റര്‍ അനുപമ. നല്കുന്ന ഭക്ഷണത്തില്‍ സ്ലോ പോയിസണ്‍ നല്കി അല്പം അല്പമായി ഇല്ലാതാക്കാനുള്ള വഴിയും അവര്‍ തേടാന്‍ മടിക്കില്ലെന്ന് അനുപമ കൂട്ടിച്ചേര്‍ത്തു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പോലീസിന് മൊഴി നല്കിയ ഫാ. കുര്യാക്കോസ് കാട്ടുത്തറയുടെ മരണം ഞങ്ങള്‍ക്കുള്ള സൂചനയാണോ എന്നും സംശയമുണ്ടെന്ന് അവര്‍ തുറന്നടിച്ചു.
അച്ചന് എങ്ങനെ മരിച്ചതാണെങ്കിലും അതിന് പിന്നില്‍ അവര്‍ തന്നെയാണ്. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം കിട്ടിയശേഷം അയാളുടെ ആളുകള്‍ പലതവണ അച്ചനെ നേരിട്ട് ചെന്നുകണ്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് അനുപമ ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ഫാദര്‍ കുര്യാക്കോസ് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വാഭാവിക മരണമല്ല കൊലപാതകം തന്നെയാണെന്ന് ആരോപിച്ച് ഫാദറിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായ യാതൊന്നും ഇല്ലെന്നും ആന്തരികാവയവങ്ങളുടെ പരിശോധന ഫലം വന്നാല്‍ മാത്രമെ കൂടുതല്‍ വിവരം പുറത്തു വരികയുമൊള്ളൂ. പക്ഷേ അതിന് മൂന്നു മാസക്കാലം സമയമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.