കറുകച്ചാല്‍: മകള്‍ ചെയ്തത് തെറ്റാണെന്നും അതില്‍ ഞങ്ങള്‍ ക്ഷമചോദിക്കുന്നുവെന്നുവെന്ന് ബിന്ദുവിന്റെ മാതാപിതാക്കള്‍. ഇതിനു പ്രായശ്ചിത്തമായി വ്രതമെടുത്ത് മാലയിട്ട് മലകയറുമെന്നും ഇവര്‍ അറിയിച്ചു. തിങ്കളാഴ്ചയാണ് കറുകച്ചാല്‍ സ്വദേശിനിയും ചേവായൂരിലെ അധ്യാപികയുമായ ബിന്ദു ശബരിമല ദര്‍ശനത്തിനുപോയത്. ഇതോടെ വധഭീഷണിയും വിലക്കും ബിന്ദുവിന് നേരിടേണ്ടി വന്നു.
ഈ സാഹചര്യത്തിലാണ് അച്ഛനമ്മമാരായ കറുകച്ചാല്‍ മുഴുവന്‍കുഴി തൊട്ടിക്കല്‍ വാസുവും തങ്കമ്മയുമാണ് മാപ്പ് അപേക്ഷിച്ചത്. മകള്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി ഇരുവരും ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ വീടിനു മുന്പില് അയ്യപ്പന്റെ ചിത്രംവെച്ച് നിലവിളക്കുകൊളുത്തി ശരണം വിളിച്ച് മാപ്പ് അപേക്ഷിക്കുകയായിരുന്നു.
‘ചെറുപ്പം മുതല്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിച്ചവരാണ് തങ്ങള്‍. ബിന്ദുവിന്റെ നടപടി മൂലം അയ്യപ്പഭക്തര്‍ക്കുണ്ടായ മനോവിഷമത്തിനും ബുദ്ധിമുട്ടിനും മാപ്പ് അപേക്ഷിക്കുന്നു. മകള്‍ ചെയ്ത തെറ്റ് തിരുത്തുന്നതിനായി നവംബര്‍ അഞ്ചിന് മാലയിട്ട് വ്രതമെടുത്ത് മലചവിട്ടും,’ – അവര്‍ പറഞ്ഞു.