തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടം എഴുതിതള്ളാന്‍ രണ്ട് കോടി രൂപ അനുവദിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് സാമൂഹ്യനീതി വകുപ്പ് 2,17,38,655 രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചത്.
കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കടാശ്വാസ പരിധിയില്‍ ഉള്‍പ്പെടുന്ന 2011 ജൂണ്‍ വരെയുള്ള 1083 കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിനായാണ് 2,17,38,655 രൂപ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. മറ്റു കടങ്ങളും എഴുതിത്തള്ളാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്കി.
കേരള സാമൂഹ്യസുരക്ഷാ മിഷന് വഴി പെന്ഷന് ലഭിക്കുന്ന കാസര്‍കോട് ജില്ലയിലെ 4,643 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഒറ്റത്തവണ ധനസഹായം അനുവദിക്കാന്‍ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഒറ്റത്തവണ ധനസഹായമായി 1,000 രൂപ വീതം അനുവദിക്കാന്‍ സാമൂഹ്യസുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് മന്ത്രിസഭായോഗം അനുമതി നല്കുകയുണ്ടായി.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പല സമരങ്ങളും സംസ്ഥാനത്ത് നടന്നിരുന്നു. സര്‍ക്കാര്‍ വാക്ക് പാലിക്കുന്നു എന്ന് മുഖ്യമന്ത്രി കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് സാമൂഹ്യനീതി വകുപ്പ് 2,17,38,655 രൂപ അനുവദിച്ചു.എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സമഗ്ര പാക്കേജ് പ്രകാരമാണ് തുകയനുവദിച്ചത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 3 ലക്ഷം രൂപ വരെയുളള കടബാധ്യതകള്‍ എഴുതിതള്ളുന്നതിന് നേരത്തെ തീരുമാനിച്ചിരുന്നു. എഴുതിത്തള്ളേണ്ട കടബാധ്യത സംബന്ധിച്ച നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടറോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ബാധ്യത 2 കോടിയുടെ വീതം പ്രൊപ്പോസലായി സമര്‍പ്പിക്കുവാനായിരുന്നു നിര്‍ദ്ദേശം. കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കടാശ്വാസ പരിധിയില്‍ ഉള്‍പ്പെടുന്ന 2011 ജൂണ്‍ വരെയുള്ള 1083 കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിനായാണ് 2,17,38,655 രൂപ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. മറ്റു കടബാധ്യതകളും ഘട്ടം ഘട്ടമായി എഴുതിത്തള്ളാന്‍ നടപടി സ്വീകരിക്കും.