മലപ്പുറം: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ പണം വാഗ്ദാനം ചെയ്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകന് ഉള്‍പ്പെടെ 6 പേര് അറസ്റ്റില്‍. വിവിധസ്ഥലങ്ങളില്‍ എത്തിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
അഞ്ച് ആണ്‍കുട്ടികള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പുകള്‍ അനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്. ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് അന്വേഷണ ചുമതല.
വിദ്യാര്‍ത്ഥികളിലൊരാള്‍ വീട്ടില്‍ അസ്വാഭാവികമായി പെരുമാറുകയും വൈകിയെത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ലഹരിവില്പന തടയുന്നതിന് നാട്ടുകാര്‍ രൂപവല്‍ക്കരിച്ച ജാഗ്രതാസമിതി നല്കിയ വിവരം അനുസരിച്ച് ചൈല്ഡ്ലൈന് നടത്തിയ കൗണ്‍സലിങ്ങിലാണ് കുട്ടികള്‍ പീഡനവിവരം തുറന്നുപറഞ്ഞത്. ഒരാഴ്ചയെടുത്താണ് പ്രതികളെ പിടികൂടിയത്. മുക്കം സ്വദേശി മോഹന്‍ദാസ് (35), മഞ്ചേരി സ്വദേശി അലവി (51) എന്നിവരാണ് ഒടുവില്‍ അറസ്റ്റിലായത്.
കുട്ടികളില്‍ ചിലര്‍ക്ക് പീഡനത്തിനു മുന്‍പ് ലഹരിമരുന്ന് നല്‍കിയതായും ഒരു കുട്ടിയെ പത്തിലധികമാളുകള്‍ പീഡിപ്പിച്ചതായും വിവരമുണ്ട്. ബൈക്കില്‍, ലിഫ്റ്റ് നല്കിയ പരിചയം ദുരുപയോഗം ചെയ്താണ് ഒരാള്‍ പീഡിപ്പിച്ചതെന്ന് കുട്ടികളിലൊരാള്‍ മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു. ഫേയ്സ്ബുക് വഴി കുട്ടികള്‍ക്ക് അശ്ലീലദൃശ്യങ്ങള്‍ അയച്ച മൂന്ന് പ്രവാസികള്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.