പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തില്‍ പരസ്യമായി നിയമം കൈയ്യിലെടുക്കുമെന്ന ഭീഷണി ഉയര്‍ത്തി ബിജെപി നേതാവ് കെ സുരേന്ദ്രന് രംഗത്ത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പ്രകോപനം ഉണ്ടാക്കിക്കൊണ്ടിരിക്കുയാണെന്നും ഈ നിലയിലാണ് മുന്നോട്ടുപോകുന്നതെങ്കില്‍ തങ്ങള്‍ക്ക് നിയമം കൈയ്യിലെടുക്കേണ്ടി വരുമെന്നായിരുന്നു നേതാവിന്റെ ഭീഷണി.
പോലീസിന്റെ സന്നാഹങ്ങളുമായാണ് യുവതികള്‍ മല കയറിയിരിക്കുന്നത്. ഗുരുതരമായ തെറ്റാണ് ഐജി ശ്രീജിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. പോലീസ് ആക്ഷന്‍ സെക്ഷന്‍ 43 ഐ.ജി ശ്രീജിത്തിന് അറിയില്ലെന്നാണോ..? സുരേന്ദ്രന് ചോദിക്കുന്നു. പോലീസിന്റെ വേഷങ്ങളോ ചിഹ്നങ്ങളോ ആയുധങ്ങളോ മറ്റാര്‍ക്കും കൈമാറാന്‍ പാടില്ലെന്നാണ് സെക്ഷന്‍ 43 ല്‍ പറഞ്ഞിരിക്കുന്നത്. പോലീസിന്റെ വേഷവും ഷീല്‍ഡും ശബരിമലയുടെ ആചാരലംഘനത്തിന് ഇറങ്ങിപ്പുറപ്പെട്ട യുവതികള്‍ക്ക് നല്‍കിയത് ഗുരുതരമായ ചട്ടലംഘനമാണെന്നും നേതാവ് തുറന്നടിച്ചു.
ഈ യുവതികള്‍ക്ക് എന്ത് അടിസ്ഥാനത്തിലാണ് പോലീസ് വേഷം നല്‍കിയത്. ഇവര്‍ക്ക് ഇത് ആരാണ് കൈമാറിയത്. ഏത് വകുപ്പിന്റെ അടിസ്ഥാനത്തിലാണ് ഐജി ശ്രീജിത് ഇത് നല്‍കിയത്. വേഷം മാത്രമല്ല ഷീല്‍ഡും ഹെല്‍മറ്റും ആരാണ് കൊടുത്തത് ഇവര്‍ക്ക് എന്താണ് ഇതിന് അധികാരം ഇതിനെല്ലാം മുഖ്യമന്ത്രി മറുപടി പറയണമെന്നും കെ സുരേന്ദ്രന് വ്യക്തമാക്കി.
ഇക്കാലം വരെ മറ്റേതെങ്കിലും മതവിഭാഗങ്ങളുടെ തര്‍ക്കങ്ങളില്‍ മതവിശ്വാസികളല്ലാത്തവര്‍ കക്ഷി ചേര്‍ന്നിട്ടുണ്ടോ ഹിന്ദുക്കളും ശബരിമലയും അന്യമതസ്ഥര്‍ക്ക് കയറിയിരുന്ന് കൊട്ടാനുള്ള ചെണ്ടയല്ലെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. ആ മതത്തിലുള്ളവര്‍ ഇവരെ തിരുത്താന്‍ തയ്യാറാകണം. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചാല്‍ തിരിച്ചടിയുണ്ടാകും. ഏത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ മലകയറിയത്. സര്‍ക്കാരിന്റേത് മ്ലേച്ഛമായ നിലപാടാണ്. വിശ്വാസത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും സുരേന്ദ്രന് വെളിപ്പെടുത്തി.