പത്തനംതിട്ട; ശബരിമലയില്‍ സമരത്തിന്റെ പേരില്‍ അക്രമം നടത്താന്‍ പാടില്ലെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരര്. സ്ത്രീകള്‍ കയറിയാല്‍ സന്നിധാനം അടച്ചിടുമെന്നു താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ നിശ്ചിത പ്രായപരിധിയിലുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കാതിരിക്കുന്നതാണ് നല്ലത്. പ്രതിഷേധിക്കുന്നവര്‍ അക്രമം നടത്തി ശബരിമലയുടെ പേരില്ലാതാക്കരുതെന്ന് തന്ത്രി കൂട്ടിച്ചേര്‍ത്തു. കലാപം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും തന്ത്രി പറഞ്ഞു.
അമ്പലം അടച്ചിടുന്നത് ആചാരത്തിന്റെ ലംഘനമാണ്. മാസത്തില്‍ അഞ്ച് ദിവസം പൂജ നടത്തുന്നതും നിവേദ്യം നല്‍കുന്നതും ശബരിമലയിലെ ആചാരത്തിന്റെ ഭാഗമാണ്. അതിനാല്‍ എനിക്ക് അമ്പലം അടച്ചിടാനോ പൂജ മുടക്കാനോ സാധ്യമല്ലെന്നും തന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
രാവിലെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് ശബരിമലയില്‍ നിന്ന് തിരിച്ചിറങ്ങിയിരുന്നു. സന്നിധാനത്തേക്കുള്ള വഴിയില്‍നിന്നാണ് ഇവര്‍ തിരിച്ചിറങ്ങിയത്.
മരക്കൂട്ടത്ത് വെച്ചാണ് ഇവരെ തടഞ്ഞത്. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ മാധ്യമപ്രവര്‍ത്തകയേയും പൊലീസിനെയും ഒരു വിഭാഗം വിശ്വാസികള്‍ തെറിവിളിക്കുകയും ചെയ്തിരുന്നു.