പത്തനംതിട്ട; ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിക്കെതിരെ ഇന്നലെ ശബരിമലയിലുണ്ടായ കലാപത്തെ തുടര്‍ന്ന് അഖില ഹിന്ദു പരിഷത്ത് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി.
പലയിടത്തും ബസ്സുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. പോലീസ് ശബരിമലയില്‍ അതീവ ജാഗ്രതയിലാണ്. കോഴിക്കോടും മലപ്പുറത്തും പത്തനംതിട്ടയിലും ബസുകള്‍ക്ക് നേരെ കല്ലേറ് നടന്നു. കോഴിക്കോട് സ്കാനിയ അടക്കമുള്ള മൂന്ന് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ഇതിനിടെ ശബരിമലയില്‍ കമാന്റോ സംരക്ഷണം ഏര്‍പ്പെടുത്തി.
ബംഗ്ലൂരില്‍ നിന്ന് കോഴിക്കോട് എത്തിയ സ്കാനിയ ബസുകള്‍ക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. രണ്ട് ബസുകളുടെ ചില്ല് തകര്‍ന്നു. മറ്റിടങ്ങളില്‍ ഹര്‍ത്താല്‍ സമാധാനപരമാണ്. സ്കാനിയാ ബസുകളടക്കമുള്ള വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പോലീസ് സംരക്ഷണത്തോടെയേ യാത്ര തുടരൂവെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്.
രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. കോടതി വിധി വെല്ലുവിളിച്ച് ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയുമെന്നും കടകള്‍ തുറക്കാന്‍ അനുവദിയ്ക്കില്ലെന്നും അഖില ഹിന്ദു പരിഷത്ത് അറിയിച്ചിട്ടുണ്ട്. അയ്യപ്പ ധര്‍മ സംരക്ഷണ സമിതിയുള്‍പ്പടെയുള്ള ഹിന്ദു സംഘടനകളും ബിജെപിയും എന്‍ഡിഎയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫ് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട്.
ഇതിനിടെ തുലാം രണ്ടാം തിയതിയായ ഇന്ന് രാവിലെതന്നെ സന്നിധാനത്ത് ഭക്തജനത്തിരക്കേറി. തീര്‍ഥാടനം സുഗമമാക്കാന്‍ കര്‍ശന ജാഗ്രതയിലാണ് പൊലീസ്. നിലയ്ക്കലില്‍ നിന്ന് ഉള്‍പ്പടെ സമരക്കാരെ പൂര്‍ണമായി ഒഴിപ്പിയ്ക്കാനാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇന്നലെ ശബരിമലയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ചിതറിയോടിയ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
സംഘര്‍ഷത്തില്‍ ഒമ്പത് പേരെ മാത്രമാണ് പോലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. മറ്റ് പ്രതിഷേധക്കാര്‍ കാടുകളിലോ മറ്റ് പ്രദേശങ്ങളിലോ തങ്ങിയിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. ഇവര്‍ തിരിച്ചെത്താന്‍ സാധ്യതയുള്ളതിനാല്‍ പോലീസ് കരുതലോടെയാണ് ശബരിമലയിലും സന്നിധാനത്തും പമ്പയിലും നിലയുറപ്പിച്ചിരിക്കുന്നത്.
സംഘര്‍ഷത്തെ തുടര്‍ന്ന് ശബരിമലയില്‍ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയും അക്രമങ്ങളും കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മുന്‍കരുതലിന്റെ ഭാഗമായി ഇലവുങ്കലിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സന്നിധാനത്തിന്റെ 30 കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ നിലവില്‍ വരിക. തീര്‍ഥാടകര്‍ക്ക് നിരോധനാജ്ഞ ബാധകമല്ല. ഇതിന്റെ സമയപരിധി ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല.
സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യമാണെങ്കില്‍ നിരോധനാജ്ഞ നീട്ടും. സമീപഭാവിയിലൊന്നും ശബരിമലയില്‍ നിരോധനാജ്ഞ ഉണ്ടായിട്ടില്ല. അത്യപൂര്‍വമായ അക്രമസംഭവങ്ങള്‍ ശബരിമലയില്‍ അരങ്ങേറിയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ കടുത്ത നടപടി.