പമ്പ: ശബരിമല സ്ത്രീപ്രവേശനത്തില്‍ നിലയ്ക്കലിലും പമ്പയിലും പ്രതിഷേധം കനക്കുകയാണ്. സമരാനുകൂലികള്‍ പോലീസ് സേനയ്ക്ക് നേരെ കല്ലേറ് നടത്തി. ഇതോടെ സമരം സംഘര്‍ഷത്തിലേയ്ക്ക് വഴിവെയ്ക്കുകയായിരുന്നു. മറ്റ് വഴികള്‍ കാണാതായതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി.
പ്രതിഷേധം സംഘര്‍ഷത്തിലേയ്ക്ക് വഴിവെച്ചതോടെ മുതിര്‍ന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയും സമരപന്തലില്‍ നിന്ന് തടിയൂരി. സംഘര്‍ഷ ഭൂമിയായി മാറിയതോടെയാണ് പിന്മാറ്റം. പോലീസ് സേനയ്ക്ക് അടിച്ചമര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കമാന്‍ഡോകളെ നിയമിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ സന്നിധാനത്തും പമ്പയിലും കമാന്‍ഡോകളെ നിയമിക്കുമെന്ന് ഡിജിപിയും വ്യക്തമാക്കി.
ഇതിനു തൊട്ടു പിന്നാലെയാണ് ശശികലയും രമേശും സമരപന്തലില്‍ നിന്നും പിന്‍വാങ്ങിയത്. നിലവില്‍ സമരസമിതി പ്രവര്‍ത്തകര്‍ മാത്രമാണ് സമരപ്പന്തലിലുള്ളത്. ലാത്തി വീശിയും മറ്റും പ്രതിഷേധിക്കാരെ ഒഴിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ അക്രമാസക്തരാവുകയും മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്തിരുന്നു. സമരാനുകൂലികളുടെ അക്രമത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.