പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച് സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളുടെ അലയൊലികള്‍ തീരുന്നില്ല. വന്‍ പ്രതിഷേധമാണ് നിലയ്ക്കലിലും പമ്പയിലുമായി അരങ്ങേറുന്നത്. പ്രതിഷേധം കനത്തതോടെ ഒതുക്കാന്‍ പോലീസ് സേനയ്ക്ക് കഴിയാത്ത സാഹചര്യമാണുള്ളത്.
ഈ സാഹചര്യത്തില്‍ ശബരിമലയില്‍ കമാന്റോകളെ ഇറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. രണ്ട് എസ്പിമാരുടേയും നാല് ഡിവൈഎസ്പിമാരുടേയും നേതൃത്വത്തിലാവും കമാന്‍ഡോകള്‍ ശബരിമലയില്‍ എത്തുകയെന്ന് ഡിജിപി അറിയിച്ചു. നിലയ്ക്കലിലും പമ്പയിലും പമ്പ മുതല്‍ സന്നിധാനം വരെയും കമാന്‍ഡോകളെ വിന്യസിക്കാനാണ് പോലീസ് പദ്ധതിയിടുന്നത്.
നിലവില്‍ ഇവിടെ ക്യാംപ് ചെയ്യുന്ന 700 പോലീസുകാരെ കൂടാതെ 300 പേരെ കൂടി ഉടന്‍ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്. എഡിജിപി അനില്‍ കാന്ത്, ഐജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് ശബരിമലയിലും നിലയ്ക്കിലും പോലീസിനെ വിന്യസിച്ചിട്ടുള്ളത്. മൂന്ന് എസ്പിമാരും നൂറ് വനിതാ പോലീസുകാരും ഇവിടെ ക്യാംപ് ചെയ്യുന്നുണ്ട്.