കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ജാമ്യത്തില്‍ ഇറങ്ങിയതിനു പിന്നാലെ ജലന്ധറില്‍ വന്‍ സ്വീകരണം. ഇന്ന് വൈകുന്നേരം നാല് മണിയ്ക്കാണ് സ്വീകരണ പരിപാടി ഒരുക്കിയിരിക്കുന്നത്. നാലരയ്ക്ക് കുര്‍ബാനയും തുടര്‍ന്ന് പങ്കെടുക്കുന്നവര്‍ക്കെല്ലാം വിരുന്നും നല്‍കും. ജയില്‍ മോചിതനായ ശേഷം രാത്രി ജലന്ധറിലേക്ക് പുറപ്പെട്ട ബിഷപ്പ് ഫ്രാങ്കോ ഇതുവരെ ബിഷപ്പ് ഹൗസില്‍ എത്തിയിട്ടില്ല. പഞ്ചനക്ഷത്ര ഹോട്ടലില്‍ അദ്ദേഹം താമസിക്കുകയാണെന്നാണ് വിവരം.
മലയാളികള്‍ നേതൃത്വം നല്കുന്ന ഒരു കത്തോലിക്കാ സംഘടനയുടെ നേതൃത്വത്തിലാണ് ബിഷപ്പിന് സ്വീകരണം നല്‍കുന്നത്. എല്ലാവരും നാലു മണിയോടെ പുഷ്പങ്ങളുമായി ഹോട്ടലിനു സമീപത്തേക്ക് എത്തണമെന്നാണ് സംഘാടകര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇന്നലെ വൈകിട്ട് ചേര്‍ന്ന യോഗത്തിലാണ് സ്വീകരണ പരിപാടിയില്‍ അന്തിമ തീരുമാനമായത്.
സ്വീകരണ പരിപാടികളില്‍ വാദ്യമേളങ്ങള്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിഷപ്പിന് ജാമ്യം കിട്ടിയതോടെ വാദ്യമേളങ്ങളോടെ ബിഷപ്പ് ഹൗസിലേക്ക് എത്തിയത് അഡ്മിനിസ്ട്രേറ്റര്‍ ആഗ്നെലോ ഗ്രേഷ്യസിന്റെ അതൃപ്തിക്ക് ഇടയാക്കിയതും അവരെ വൈദികര്‍ താക്കീത് ചെയ്തതും കണക്കിലെടുത്താണ് ആഘോഷം ഒഴിവാക്കാന്‍ തീരുമാനം.