തിരുവനന്തപുരം: നവകേരള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനത്തിനായി ലോകബാങ്ക് സംഘം വീണ്ടും കേരളത്തിലെത്തും. ചൊവ്വാഴ്ച കേരളത്തിലെത്തുന്ന സംഘം രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. 25 വരെ കേരളത്തില്‍ ഉണ്ടാവുന്ന സംഘം വിവിധ മന്ത്രിമാരുമായും ചര്‍ച്ച നടത്തും.
നേരത്തെ പ്രളയബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയ പ്രതിനിധികള്‍ പ്രാഥമിക റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കലാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ആവശ്യമെങ്കില്‍ വീണ്ടും പ്രളയബാധിത മേഖലയില്‍ സന്ദര്‍ശനം നടത്തും.
റിപ്പോര്‍ട്ട് സംബന്ധിച്ച് കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ ലോകബാങ്ക് പ്രതിനിധികളും ധനകാര്യ സെക്രട്ടറിയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. പ്രളയത്തില്‍ 25000 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. അന്തിമ റിപ്പോര്‍ട്ട് 25നകം സമര്‍പ്പിക്കും.
പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് 2600 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് ലോകബാങ്ക്എഡിബി സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. പത്തു ജില്ലയിലെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ചും കലക്ടര്‍മാരുമായി ചര്‍ച്ച നടത്തിയുമാണ് നാശനഷ്ടം വിലയിരുത്തിയത്. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പ്രത്യേകനയം വേണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു.
പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് ചുരുങ്ങിയത് 27000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന് കഴിഞ്ഞദിവസം സമര്‍പ്പിച്ച ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയിരുന്നു. യുഎന്‍ നേതൃത്വത്തിലുള്ള 12 രാജ്യാന്തര ഏജന്‍സികളാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.