കൊച്ചി: ആഡംബര വിനോദസഞ്ചാര കപ്പലായ എംവി ബൂദിക്ക കൊച്ചിയില്‍. സംസ്ഥാനത്ത് സമുദ്ര വിനോദസഞ്ചാര സീസണ് ആരംഭം കുറിച്ചാണ് കരീബിയന്‍ കടലിലെ ബഹമാസ് ദ്വീപസമൂഹം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എംവി ബൂദിക്ക കൊച്ചിയിലെത്തിയത്. കപ്പലില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 506 വിനോദസഞ്ചാരികളാണുള്ളത്.
അബുദാബിയില്‍നിന്ന് പുറപ്പെട്ട കപ്പല്‍ മുംബൈ, ഗോവ വഴിയാണ് കൊച്ചിയിലെത്തിയത്. കപ്പലിറങ്ങിയ യാത്രക്കാര്‍ക്ക് ഞായറാഴ്ച രാവിലെ ആറരയ്ക്ക് എറണാകുളം വാര്‍ഫില്‍ വനിതകള്‍ അവതരിപ്പിച്ച ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ വരവേല്‍പ്പ് നല്കി. കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയ കാലിഡോസ്കോപ്പ് എന്ന പരിപാടിയും അവതരിപ്പിച്ചു.
ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, ആലപ്പുഴ എന്നിവിടങ്ങള്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കും. കൊച്ചിയില്‍നിന്ന് തിങ്കളാഴ്ച വൈകിട്ട് യാത്രതിരിച്ച് കപ്പല്‍ ചൊവ്വാഴ്ച രാവിലെ എട്ടോടെ വിഴിഞ്ഞത്ത് എത്തും. അവിടെനിന്ന് വൈകിട്ട് കൊളംബോയ്ക്ക് പുറപ്പെടും.
കേരളത്തിലെ സമുദ്ര വിനോദസഞ്ചാര സീസണിന് തുടക്കംകുറിച്ചെത്തിയ ആദ്യ ആഡംബരക്കപ്പല്‍ പ്രളയാനന്തരം തിരിച്ചുവരവ് നടത്തിയ കേരളത്തിലെ വിനോദസഞ്ചാരത്തിനും ആഭ്യന്തര, അന്തര്‍ദേശീയ വിനോദസഞ്ചാരികളെ കേരളത്തിലേക്കെത്തിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്കും ഊര്‍ജം പകരുമെന്ന് ടൂറിസംവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. കേരളത്തിലെ ജലാശയങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന സന്ദേശമാണ് ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ക്ക് ഇത് നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.