തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച പോഷകാഹാര പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ ബഹുമതി. സ്ത്രീകളിലെയും കുട്ടികളിലെയും പോഷണക്കുറവ് പരിഹരിക്കാനായുള്ള ‘സമ്പുഷ്ട കേരളം’ പദ്ധതിക്കാണ് കേന്ദ്രസര്‍ക്കാര്‍ ബഹുമതി ലഭിച്ചത്.
പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച മാര്‍ഗരേഖ അനുസരിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തിയതിനാണ് കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം ബഹുമതിയും മെഡലും നല്‍കിയത്. ആറുമാസംമുതല്‍ അഞ്ചുവയസ്സ് വരെയുള്ള കുട്ടികളിലും കൗമാരപ്രായക്കാര്‍ മുതല്‍ 49 വയസ്സുവരെയുള്ള സ്ത്രീകളിലുമുള്ള വിളര്‍ച്ചാ നിരക്ക് കുറയ്ക്കുക, ജനന സമയത്തെ തൂക്കക്കുറവ് പരിഹരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആഗസ്ത് ഒന്നിനാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
മുലയൂട്ടല്‍, അമിത വണ്ണം തടയുക എന്നീ രണ്ട് ലക്ഷ്യങ്ങള്‍ കൂടി ഇതിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 8534 അങ്കണവാടികളിലെ ഗുണഭോക്താക്കള്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. അടുത്ത വര്‍ഷം മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ആരോഗ്യം, ശുചിത്വം, കുടിവെള്ളം, ഗ്രാമവികസനം, പഞ്ചായത്ത് രാജ്, വിദ്യാഭ്യാസ വകുപ്പ്, സിവില്‍ സപ്ലൈസ്, നാഷണല്‍ ന്യൂട്രീഷന്‍ ബോര്‍ഡ് തുടങ്ങി 22 വകുപ്പുകളെ ഏകോപിപ്പിച്ചാണ് പദ്ധതി.
പോഷകാഹാര കുറവ് പരിഹരിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ബഹുമതിയെന്ന് വനിതാ ശിശുവികസന മന്ത്രി കെ കെ ശൈലജ പറഞ്ഞു.