കൊച്ചി: പഠനത്തിനിടെ മീന്‍കച്ചവടം ഉപജീവന മാര്‍ഗമാക്കിയ ഹനാന് മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയത് വളരെ പെട്ടന്നായിരുന്നു. വാപനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റ ഹനാന് തന്റെ മീന്‍കച്ചവടം പതിവു പോലെ തുടരാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കോളേജ് വിദ്യാര്‍ത്ഥിയായ ഹനാന് തന്റെ ഉപജീവന മാര്‍ഗം ഓണ്‍ലൈന്‍ വഴി തുടരുവാന്‍ തയ്യാറെടുക്കുകയാണ്.
വാഹനാപകടത്തെ തുടര്‍ന്ന് വീല്‍ ചെയറില്‍ കഴിയുന്ന ഹനാന് സുഹൃത്തുക്കളുടെയും ചില അഭ്യുദയകാംഷികളുടെയും സഹായത്തോടെയാണ് തമ്മനത്ത് മീന്‍ കട ഇടുന്നതിന് തീരുമാനിച്ചത്. ഇതിനായി മുറി വാടകയ്ക്കെടുത്തു പണി നടക്കുന്നതിനിടെയാണ് കട ഒഴിഞ്ഞു പോകാന്‍ ഉടമ ആവശ്യപ്പെട്ടത്.
‘വൃക്കരോഗിയും തുടര്‍ച്ചയായി ഡയാലിസിസ് ചികിത്സ ചെയ്തു വരുന്നതുമായ ഒരു സാധു മനുഷ്യനാണു കടമുറി തന്നത്. അവരുടെ കുടുംബ പ്രശ്നങ്ങള്‍ എന്താണെന്നറിയില്ല. അദ്ദേഹമാകട്ടെ വീട്ടില്‍ പശുവിനെ വളര്‍ത്തി ഉപജീവനം കഴിയുന്ന ആളുമാണ്. അങ്ങനെ ഒരാള്‍ എന്നോട് ഒഴിഞ്ഞു തരാമോ, അഡ്വാന്‍സ് തുക തിരിച്ചു തരാം എന്നു പറഞ്ഞപ്പോള്‍ ഇല്ല എന്നു പറയാനായില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കിയ തുകയുടെ ഒരു ഭാഗം നല്‍കുകയും ചെയ്തു’ ഹനാന് പറയുന്നു.
ഇതേതുടര്‍ന്നാണ് മീന്‍ വില്‍പ്പന ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഹനാന് തീരുമാനിച്ചത്. ഇതിനു സാങ്കേതിക വിദഗ്ധരുമായി സംസാരിച്ചെന്നും വൈകാതെ ലോഞ്ച് ചെയ്യുമെന്നും ഹനാന് പറഞ്ഞു. പുതിയ വെല്ലുവിളികള്‍ക്കിടയിലും ഓണ്‍ലൈനിന്റെ വില്‍പ്പന സാധ്യത പ്രയോജനപ്പെടുത്തി മുന്നോട്ടുപോകാനാണ് ഹനാന് ആഗ്രഹിക്കുന്നത്.