പത്തനംതിട്ട: പ്രയാഭേദ മന്യേ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളും പ്രതിഷേധങ്ങളും ഉയരുകയാണ്. ഈ സാഹചര്യത്തില്‍ ഉറച്ച നിലപാടെടുത്ത് വിശ്വാസത്തിന്റെ വഴിയില്‍ നീങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് തന്ത്രി കുടുംബം. എങ്ങനെയും സുപ്രീംവിധി നടപ്പിലാക്കാതിരിക്കുക എന്നതാണ് കുടുംബത്തിന്റെ ലക്ഷ്യം.
സ്ത്രീകള്‍ കയറിയാല്‍ അശുദ്ധിവരുമെന്നും അതുകൊണ്ട് പുണ്യാഹം വേണ്ടിവരുമെന്നുമാണ് നിലപാട്. ആചാരം ലംഘിക്കപ്പെട്ടാല്‍ പിന്നീടുള്ള മാര്‍ഗ്ഗം പുണ്യാഹം നടത്തുക എന്നതാണ്. സ്ത്രീകള്‍ പ്രവേശിച്ചാല്‍ അനിശ്ചിതകാലത്തേയ്ക്ക് ശബരിമല അടച്ചിടാനാണ് തീരുമാനം. ഇക്കാര്യത്തില്‍ തന്ത്രിയുടേതാണ് അന്തിമതീരുമാനം. നിലവിലുള്ള ആചാരത്തിനു വിരുദ്ധമായി, പ്രായഭേദമില്ലാതെ സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയാല്‍ എല്ലാ ദിവസവും ശുദ്ധിക്രിയ വേണ്ടിവരുമെന്നാണു തന്ത്രിമാരുടെ നിലപാട്.
അത് അസാധ്യമായ കാര്യമാണെന്നും പറയും. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ ബോധ്യപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്. ഈ നിലപാടിന്റെ സാഹചര്യത്തില്‍ സുപ്രീംകോടതി വിധി പ്രകാരം യുവതികള്‍ ദര്‍ശനത്തിന് എത്തിയാല്‍ ശബരിമല നട അനിശ്ചിതകാലത്തേക്ക് അടച്ചിടാനാണ് താഴമണ്‍ തന്ത്രികുടുംബത്തിന്റെയും പന്തളം കൊട്ടാരത്തിന്റെയും തീരുമാനം. യുവതികള്‍ കയറിയാല്‍ സന്നിധാനം അശുദ്ധമാകുമെന്നു തന്ത്രിസമാജവും ചൂണ്ടിക്കാട്ടുന്നു.