പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് സംസ്ഥാനത്ത് നടത്തി വന്ന ജാഥയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ചതില്‍ മാപ്പ് അപേക്ഷിച്ച് ചെറുകോലിലെ മണിയമ്മ. താന്‍ ഒന്നും വിചാരിച്ച് കൊണ്ടു പറഞ്ഞതല്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നുമാണ് മണിയമ്മ പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് മാപ്പ് അപേക്ഷിച്ചുള്ള വീഡിയോ പങ്കുവെച്ചത്.
‘പൊന്നുമക്കളേ, ഞാന്‍ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല. ഒരു ചാനലുകാര് വന്ന് എന്നോട് എന്തേലും പറയാന്‍ പറഞ്ഞു. ഞാന്‍ അന്നേരം ഈഴവ സമുദായത്തെക്കുറിച്ച് ഒന്നും ചിന്തിച്ചു കൊണ്ടല്ല പറഞ്ഞത്. ഞാന്‍ അയ്യപ്പനെ ഓര്‍ത്ത് അങ്ങനങ്ങ് പറഞ്ഞു പോയതാണ്. അതുകൊണ്ട് നിങ്ങളുടെ അടുത്ത് ഞാന്‍ മാപ്പു ചോദിക്കുന്നു. ഈഴവ സമുദായക്കാരോട് ഞാന്‍ മാപ്പു ചോദിക്കുന്നു. ഈ അമ്മയോട് നിങ്ങള്‍ ക്ഷമിക്ക്’ – മണിയമ്മ പറയുന്നു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയെ പച്ചയ്ക്ക് തെറി വിളിച്ചും, ജാതീയമായും മണിയമ്മ അധിക്ഷേപിച്ചത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേരാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. അവര്‍ക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മാപ്പ് അപേക്ഷിച്ച് മണിയമ്മ എത്തിയിരിക്കുന്നത്.