കൊച്ചി: യുവ വനിതാ സംരംഭക മിനു പൗളിയുടെ ഹോട്ടലിനു നേരെ പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം. അക്രമികള്‍ ഹോട്ടല്‍ തല്ലിത്തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് നോര്‍ത്ത് പൊലീസ് 2 പേരെ അറസ്റ്റ് ചെയ്തു. ആക്രമണത്തിനിടെ പരുക്കേറ്റ 2 പ്രതികളെയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് നോര്‍ത്ത് എസ്ഐ വിബിന്‍ദാസ് പറഞ്ഞു. കണ്ണൂര്‍ സ്വദേശി ഷിന്റോ (29), പത്തനംതിട്ട സ്വദേശി വിനോദ് (40) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും 15 വര്‍ഷമായി കൊച്ചിയില്‍ സ്ഥിരതാമസക്കാരാണ്.
ജീവനക്കാരിലൊരാള്‍ക്ക് കൂലി നല്‍കുന്നതുമായി ബന്ധപ്പെട്ട് റസ്റ്ററന്റിനു നേരെ സെപ്റ്റംബര്‍ 12നും ആക്രമണമുണ്ടായിരുന്നു. അന്ന് അറസ്റ്റിലായ ഷിന്റോ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. 5 വര്‍ഷമായി കലൂരില്‍ പ്രവര്‍ത്തിക്കുന്ന പപ്പടവട റസ്റ്ററന്റില്‍ ഇന്നലെ വൈകിട്ട് 5.45നാണ് ആക്രമണമുണ്ടായത്.
മിനുവിന്റെ ഭര്‍ത്താവ് അമല്‍ പുറത്ത് സുഹൃത്തുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെ പിന്നിലൂടെ വന്ന ഷിന്റോ ഷര്‍ട്ടിനു കുത്തിപ്പിടിച്ചു ചീത്ത വിളിക്കുകയായിരുന്നു. കണ്ടുനിന്നവര്‍ പിടിച്ചുമാറ്റിയെങ്കിലും ഷിന്റോ വീണ്ടുമെത്തി, ഹോട്ടലിനകത്ത് അമലുമായി പിടിവലിയായി.
തുടര്‍ന്ന് വലിയ വടിയുമായി വന്നു കട തല്ലിത്തകര്ക്കുകയായിരുന്നെന്നും ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അമല്‍ പറഞ്ഞു. പൊലീസിനെ വിളിച്ചെങ്കിലും അര മണിക്കൂറിനുശേഷമാണ് എത്തിയതെന്നും രണ്ട് ആക്രമണങ്ങളിലും പൊലീസില്‍ നിന്നു മാന്യമായ സമീപനമല്ല ലഭിച്ചതെന്നും അമല്‍ ആരോപിച്ചു. ആക്രമണത്തെത്തുടര്‍ന്ന് ഇന്നലെ ആറരയോടെ പൊലീസ് കൊണ്ടുപോയ ഷിന്റോ ഏഴരയോടെ വീണ്ടുമെത്തി ആക്രമണം നടത്തി.
തുടര്‍ന്നു വീണ്ടും പൊലീസ് കൊണ്ടുപോയി. എന്നാല്‍ അല്പസമയത്തിനുശേഷം ഷിന്റോയെ അടുത്ത ജംക്ഷനില്‍ കണ്ടതായി തന്റെ ജീവനക്കാര്‍ പറഞ്ഞതനുസരിച്ച് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് വീണ്ടും പൊലീസ് കൊണ്ടുപോയതെന്ന് അമല്‍ പറയുന്നു.