തിരുവനന്തപുരം: ഈണങ്ങള്‍കൊണ്ട് ജനഹൃദയങ്ങളെ കീഴടക്കിയ ബാലഭാസ്കര്‍ ജീവിതത്തില്‍ നിന്നും വിട്ടകന്നത് ഇന്നും മലയാളികളടക്കമുള്ള ആരാധകര്‍ക്ക് അവിശ്വസനീയമാണ്. താരാട്ടിന്റെ ഈണങ്ങളും കടലോളം നൊമ്പരങ്ങളും സമ്മാനിച്ച് മറഞ്ഞ പ്രിയ സംഗീതജ്ഞന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സ്മരണാഞ്ജലി. അമ്മത്തൊട്ടിലേക്ക് എത്തിയ പുതിയ അതിഥിക്ക് പേര് ‘ ബാലഭാസ്കര്‍’.
സംഗീതലോകത്തെ വിസ്മയമായ പ്രിയ ബാലുവിന്റെ സംസ്കാരച്ചടങ്ങ് നടന്ന ബുധനാഴ്ച രാത്രി തിരുവനന്തപുരം തൈക്കാട് അമ്മത്തൊട്ടിലില്‍ ലഭിച്ച മൂന്നു ദിവസം പ്രായമായ ആണ്‍കുഞ്ഞിനാണ് ബാലഭാസ്കര്‍ എന്ന് പേര് നല്‍കിയത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. എസ്പി ദീപക് ആണ് പേര് നിര്‍ദേശിച്ചത്.അമ്മത്തൊട്ടില്‍ വഴി ലഭിക്കുന്ന 251ാമത്തെ കുഞ്ഞാണ് ബാലഭാസ്കര്‍, 126ാമത്തെ ആണ്‍കുട്ടിയും. തിരുവനന്തപുരം, മലപ്പുറം ദത്തെടുക്കല്‍ കേന്ദ്രങ്ങളിലായി നിലവില്‍ 108 കുട്ടികളാണ് പരിചരണത്തിലുള്ളത്.