ഇടുക്കി: കേരളത്തില്‍ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കൂടുതല്‍ അണക്കെട്ടുകള്‍ തുറന്നു. ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുകയാണ്. ഈ സാഹചര്യത്തില്‍ അണക്കെട്ടുകളിലെ സ്ഥിതി വിലയിരുത്താനായി കളക്ട്രേറ്റില്‍ അവലോകന യോഗം ചേരും.
ചെറുതോണി അണക്കെട്ടില്‍ കണ്ട്രോള് റൂം ഇന്നുമുതല്‍ പ്രവര്‍ത്തനം തുടങ്ങും. അണക്കെട്ടിന്റെ ഷട്ടറുകളിലൂടെ സെക്കന്‍ഡില്‍ 50000 ലീറ്റര്‍ വെള്ളം പുറത്തേക്കൊഴുക്കാനാണ് ആലോചന. അഞ്ച് ഷട്ടറുകളുള്ള ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ മാത്രം 40 സെന്റീമീറ്റര്‍ ഉയര്‍ത്താനാണു നീക്കം.
ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ മറ്റു ഷട്ടറുകളും ഉയര്‍ത്തും. ഇന്നു 10 ന് കളക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ അണക്കെട്ടു തുറക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കും. ചൊവ്വ രാവിലെ 2387.66 അടിയായിരുന്നു ജലനിരപ്പ്. സംഭരണയില്‍ ഇപ്പോള്‍ 83 ശതമാനം വെള്ളമുണ്ട്. 2403 അടിയാണു അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.
അതിതീവ്ര മഴക്ക് മുന്നറിയപ്പ് ലഭിച്ചതോടെ കോഴിക്കോട് കക്കയം ഡാം, തെന്മല പരപ്പാര്‍ അണക്കെട്ട്, കക്കി ആനത്തോട് അണക്കെട്ട് എന്നിവ തുറക്കുമെന്ന് അറിയിച്ചിരുന്നു. തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം തുറന്നു. പൊന്മുടി, മാട്ടുപ്പെട്ടി, മലങ്കര അണക്കെട്ടുകവുടെ ഷട്ടറുകള്‍ കൂടുതലുയര്‍ത്തും.
കുറ്റ്യാടിപ്പുഴ, തൊടുപുഴയാര്‍, മുതിരപ്പുഴയാര്‍ തീരങ്ങളില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. കല്ലടയാറ്റിന്റെ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അതിനിടെ ഇടുക്കി ജില്ലയില്‍ രാത്രി 7 മണിക്കും രാവിലെ 7 മണിക്കും ഇടയില്‍ മലയോര മേഖലയില്‍ ഇന്നു മുതല്‍ യാത്രാ നിയന്ത്രണം ഉറപ്പുവരുത്തുമെന്ന് ഇടുക്കി കലക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. ജില്ലയില്‍ വിനോദസഞ്ചാരം (നീലക്കുറിഞ്ഞി സന്ദര്‍ശനം ഉള്‍പ്പെടെ), അഡ്വഞ്ചര്‍ ടൂറിസം, ബോട്ടിങ്, ഓഫ് റോഡ് ഡ്രൈവിങ് എന്നിവ പൂര്‍ണമായി നിരോധിച്ചു.