തിരുവനന്തപുരം: പ്രളയത്തെതുടര്‍ന്ന് നശിച്ച വാഹനങ്ങള്‍ക്ക് നികുതി തിരികെ നല്കുന്നു. പൂര്‍ണമായും നശിച്ചു പോയ വാഹനങ്ങള്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭ്യമാകുകയുള്ളൂ.
പൂര്‍ണമായും തകര്‍ന്നതിന്റെ കണക്കില്‍പ്പെടുത്തിയ വാഹനങ്ങള്‍ ഉള്ളവര്‍ അപേക്ഷ സമര്‍പ്പിക്കുന്ന അന്ന് മുതല്‍ അവശേഷിക്കുന്ന നികുതിത്തുക നല്‍കാനാണ് വകുപ്പിന്റെ തീരുമാനം. റോഡ് നികുതി തിരികെ കിട്ടുന്നതിനായി മോട്ടോര്‍ വാഹനവകുപ്പിന്റെ തിരുവനന്തപുരത്തെ ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
വാഹനം വാങ്ങുന്ന സമയത്ത് ഏത് അക്കൗണ്ടില്‍ നിന്നാണോ നികുതിപ്പണം ഒടുക്കിയത് അതേ അക്കൗണ്ടിലേക്കാണ് റോഡ് നികുതിയിനത്തില്‍ തിരികെ ലഭിക്കുന്ന പണവും ക്രെഡിറ്റാവുക. ഓണ്‍ലൈന്‍ വഴിയായും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
നികുതിത്തുക ലഭിക്കുന്നതിനായി ആദ്യമായി വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കണം. ആര്‍ടിഒ ഓഫീസ് മുഖേനെ നേരിട്ട് അപേക്ഷ നല്‍കുകയാണ് ഇതിനായി വേണ്ടത്. രജിസ്ട്രേഷന് റദ്ദാക്കിയതിന്റെ രേഖകള്‍ ഓണ്‍ലൈനായി നിശ്ചിത അപേക്ഷാഫോറത്തിനൊപ്പം സമര്‍പ്പിക്കണം.