തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ ഭാര്യമാര്‍ക്ക് ഫിഷറീസ് വകുപ്പില്‍ ജോലി നല്കി. മുട്ടത്തറയിലെ വല നെയ്ത്തുശാലയിലാണ് നാല്‍പ്പത്തിരണ്ട് സ്ത്രീകള്‍ക്ക് നിയമനം നല്‍കിയത്. തിരുവനന്തപുരം ജില്ലയിലെ പൂന്തുറ, പൊഴിയൂര്‍, വിഴിഞ്ഞം, വള്ളക്കടവ്, പുല്ലുവിള, പൂവാര്‍ മേഖലകളിലെ നാല്‍പ്പത്തി ഒന്ന് മത്സ്യത്തൊളിലാളികളുടെ ഭാര്യമാര്‍ക്കാണ് ഫിഷറീസ് വകുപ്പില്‍ നിയമനം.
കാസര്‍ക്കോട് നിന്നും കാണാതായ മത്സ്യത്തൊഴിലാളിയുടെ ഭാര്യയെ കണ്ണൂരിലെ വലനെയ്ത്തുശാലയിലും നിയമിച്ചു. എന്നാല്‍ നിയമനത്തില്‍ അഴിമതി ആരോപിച്ച് ഉദ്ഘാടനത്തിനെത്തിയ ഫിഷറീസ് മന്ത്രിയെ ഒരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു. ജീവനക്കാരെ നിയമിച്ചതില്‍ അഴിമതിയുണ്ടെന്നും നാട്ടുകാരെ അവഗണിച്ചുവെന്നുമാണ് ഇവരുടെ ആരോപണം. മന്ത്രിയുടെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഇവര്‍ പ്രതിഷേധം അറിയിച്ചത്.
നിയമനം നടത്തുന്നതിനായി പ്രദേശവാസികളായ അറുന്നൂറിലേറെ പേരുടെ അഭിമുഖം നടത്തിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. നിയമന നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നാളെ മുതല്‍ ഫാക്ടറിക്കു മുന്നില്‍ സമരം നടത്താനാണ് സമരക്കാരുടെ തീരുമാനം.