ശബരിമല: ശബരിമല പൂങ്കാവനത്തില്‍ വീണ്ടും മഴ ശക്തിപ്രാപിക്കുന്നു. ഇതോടെ പമ്പയിലെ പുനരുജ്ജീവന പരിപാടികള്‍ സ്തംഭനത്തിലായി. മഴ പെയ്താലുടനെ പുഴ കവിഞ്ഞ് മണപ്പുറത്തേക്ക് കയറുന്നു. പ്രളയത്തില്‍ വന്‍തോതില്‍ മണല്‍ അടിഞ്ഞ് പുഴ നികന്നതാണ് കാരണം. പുഴയുടെ വാഹകശേഷി കുറഞ്ഞു. ഏതാനും ദിവസങ്ങളായി ശക്തമായ മഴയാണ് സന്നിധാനത്തും പരസരത്തും. പുഴ കരകവിഞ്ഞ് കയറിയ വെള്ളം അന്നദാനമണ്ഡപത്തിലേക്ക് വീണ്ടും കയറി. കയറുന്ന വെള്ളം ഇറങ്ങാത്തത് ആശങ്കയും പരത്തുന്നുണ്ട്.
പഴയ നടപ്പന്തല്‍ നിന്നയിടം ഇപ്പോള്‍ വെള്ളത്തിലാണ്. ഇവിടെ മണല്‍ നീക്കി പാത തെളിച്ചെടുത്തിരുന്നു. ഗണപതി ക്ഷേത്രത്തിലേക്ക് പോകാനുള്ള പടവിന് സമീപംവരെ വെള്ളമെത്തുന്നു. അടുത്തെങ്ങും മണപ്പുറത്തുകൂടി കാല്‍നടയാത്ര പറ്റാത്തവിധമാണ് വെള്ളം കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. ഹില്‍ടോപ്പ് അടിവാരത്ത് പാര്‍ക്കിങ് മൈതാനം ഇടിഞ്ഞത് മണല്‍ച്ചാക്ക് അടുക്കി സംരക്ഷിക്കാനുള്ള പ്രവൃത്തിയും പാതി വഴിയായതേയുള്ളൂ.
ഒരു കിലോമീറ്ററോളം ഇവിടെ മണ്ണിടിഞ്ഞ് പമ്പയിലേക്ക് കിടക്കുകയാണ്. ആയിരക്കണക്കിന് മണല്ച്ചാക്കാണ് ഇവിടെ നിറച്ചുവെച്ചിരിക്കുന്നത്. നടപ്പാലംമുതല് ആറാട്ടുകടവ് വരെയുള്ള ഭാഗത്താണ് ഇടിച്ചില്‍. വലിയാനവട്ടം-ചെറിയാനവട്ടം വഴി പമ്പാ മണപ്പുറത്തേക്ക് കടക്കാനുള്ള പാലം ഒലിച്ച് പോയിരുന്നു. ഇവിടെ താത്കാലികപാലം ഇല്ലാതെ മാലിന്യസംസ്കരണ പ്ലാന്റിനുള്ള പണികള്‍ക്ക് പോകാനാകില്ല. ത്രിവേണി പാലത്തിനുസമീപം വലിയ മണല്‍ച്ചിറ കെട്ടിയാണ് പുഴ വഴിമാറി ഒഴുകിയത് തടഞ്ഞത്. ഇത് കനത്ത ഒഴുക്കിനെ ചെറുക്കുമെന്ന പ്രതീക്ഷയിലാണ് ഇതിനോടുചേര്‍ന്ന് താത്കാലിക നടവഴി ഒരുക്കി സര്‍വീസ് റോഡിനോട് ചേര്‍ത്തതും. പമ്പയും സന്നിധാനവും ബന്ധിപ്പിക്കുന്ന ഏക നല്ല പാത ഇത് മാത്രമാണ്.