തിരുവനന്തപുരം: ബാലഭാസ്കറിന്റെയും പിഞ്ചുമോന തേജസ്വിനിയുടെയും വേര്‍പാടില്‍ നാടും ഉറ്റവരും തേങ്ങുമ്പോള്‍ ചോദ്യചിഹ്നം പോലെ അവശേഷിക്കുന്നത് ഒരാള്‍ മാത്രം ബാലഭാസ്കറിന്റെ പ്രിയതമ ലക്ഷ്മി. ഇവരുടെ മുന്പില് പോകാനോ സംസാരിക്കാനോ ആര്‍ക്കും സാധിക്കുന്നില്ല. ഹൃദയം നുറുങ്ങുന്ന കാഴ്ചയാണ് ബാലഭാസ്കറിന്റെ വീട്ടില്‍ നിന്ന് വരുന്നത്. ബാലന്റെയും കുഞ്ഞിന്റെയും വേര്‍പാടില്‍ നെഞ്ചു തകര്‍ന്നു നില്‍ക്കുകയാണ് ബാലഭാസ്കറിന്റെ അമ്മ ശാന്തകുമാരിയും ലക്ഷ്മിയുടെ അമ്മ ഓമനകുമാരിയും. വേര്പാടിനെക്കാള് ഏറെ ഇവരെ തളര്‍ത്തുന്ന ഒന്നാണ് ലക്ഷ്മിയ്ക്ക് അരികില്‍ നില്ക്കുമ്പോള്.
വസതിയായ തിരുമല വിജയമോഹിനി മില്ലിനു സമീപം എല്‍ഐസി ലെയ്നില്‍ ‘ഹിരണ്മയ’യിലേക്കു ബാലഭാസ്കറിന്റെ ചേതനയറ്റ മൃതദേഹം എത്തിയപ്പോള്‍ രണ്ട് അമ്മമാരും അലമുറയിട്ടു കരഞ്ഞു. മകള്‍ക്ക് പിന്നാലെ മകന്റെയും വിടപറയല്‍ ഇവര്‍ക്ക് താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു. പൊന്നുമോന്റെ മുഖത്തേക്കു വീണ്ടും നോക്കാനാകാതെ ശാന്തകുമാരി മോഹാലസ്യപ്പെട്ടു. ബന്ധുക്കള്‍ ചേര്‍ന്ന് ഇരുവരെയും അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. ആ കാഴ്ച കാണാനാവാകെ വീട്ടില്‍ കൂടിയവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി.
ബാലഭാസ്കറിന്റെ അച്ഛന് സികെ ഉണ്ണിയും (ചന്ദ്രന്) ലക്ഷ്മിയുടെ അച്ഛന് സുന്ദരേശന് നായരും ദു:ഖം താങ്ങാനാവാതെ തളര്‍ന്ന നിലയിലാണ്. ബാലഭാസ്കറും ലക്ഷ്മിയും ഒരുമിച്ചു ജീവിതം തുടങ്ങിയ വീടാണിത്. ബാലഭാസ്കറിന്റെ ശരീരം അവിടെയെത്തിക്കുമ്പോള്‍ ലക്ഷ്മി വീട്ടിലില്ല. അപകടത്തില്‍ ഗുരുതര പരുക്കേറ്റ ലക്ഷ്മി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ബാലഭാസ്കറിന്റെയും മകള്‍ തേജസ്വിനി ബാലയുടെയും മരണവിവരം ലക്ഷ്മിയെ അറിയിച്ചിട്ടില്ല. കണ്ണു തുറക്കുമ്പോള്‍ ലക്ഷ്മിയോട് എന്തു പറയുമെന്ന് ആര്‍ക്കുമറിയില്ല. എന്തു പറഞ്ഞ് ആശ്വസിപ്പിക്കുമെന്നും.
കോളേജ് പഠനത്തിനിടെ പ്രണയിച്ച് 22ാം വയസില്‍ ബാലുവിന്റെ ജീവിതപങ്കാളിയായ ലക്ഷ്മിക്ക് തന്റെ പ്രിയപ്പെട്ടവനും പ്രാണനായ മകള്‍ ജാനിക്കും സംഭവിച്ച ദുരന്തം താങ്ങാനാകുമോയെന്ന് അവര്‍ക്കു ഊഹിക്കാന്‍ പോലുമാകുന്നില്ല. ഓര്‍മ്മകളും സംഗീതവും ബാക്കിയാക്കി ബാലു വിടവാങ്ങുമ്പോള്‍ ലക്ഷ്മിയെ ഓര്‍ത്താണ് ഈ അമ്മമാരുടെ ഇനിയുള്ള കണ്ണീരത്രയും. ബാലഭാസ്കറിനെ ഒരു നോക്കു കാണാന്‍ ഹിരണ്‍മയയിലേക്ക് ആരാധകരും സുഹൃത്തുക്കളും ബന്ധുക്കളുമടക്കം ഒട്ടേറെ പേരെത്തി.