തിരുവനന്തപുരം; ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ റിവ്യൂ ഹര്‍ജി നല്കുന്ന കാര്യം ആലോചിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു. തുടര്‍നടപടികള്‍ ബുധനാഴ്ച ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്പലത്തില്‍ വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. വിശ്വാസികളായ സ്ത്രീകള്‍ പഴയ ആചാരപ്രകാരം മാത്രമെ ശബരിമലയിലേക്ക് എത്തുകയുള്ളൂ എന്നും പത്മകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സൗകര്യങ്ങല്‍ വര്‍ധിപ്പിക്കുന്നതിനായി നിലയ്ക്കലില്‍ 100 ഹെക്ടര്‍ കൂടി വേണമെന്ന ആവശ്യത്തിന് മുഖ്യമന്ത്രി പിന്തുണ നല്‍കിയതായി അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ 100 ഏക്കറിന് ശ്രമിക്കാമെന്ന ഉറപ്പ് കിട്ടിയെന്നും പത്മകുമാര്‍ അറിയിച്ചു. കൂടുതല്‍ സൗകര്യം ഇപ്പോള്‍ ഒരുക്കാനാകില്ല. നിലവിലുള്ള സൗകര്യങ്ങള്‍ എല്ലാവരും ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.