തിരുവനന്തപുരം: മഹാപ്രളയം വേട്ടയാടിയ കേരളത്തിന്റെ പുനര്മിര്മ്മാണത്തിനുള്ള സഹായാഭ്യര്ത്ഥനയ്ക്കായ് മുഖ്യമന്ത്രി നേരിട്ട് ഇറങ്ങുന്നു. ഇതിന്റെ ഭാഗമായി പിണറായി വിജയന് അടുത്തമാസം യുഎഇ സന്ദര്‍ശിക്കും.
അടുത്തമാസം 17 മുതല്‍ നാലുദിവസമായിരിക്കും സന്ദര്‍ശനം. വിദേശ രാജ്യത്തു നിന്ന് നേരിട്ട് സഹായം വാങ്ങുന്നതില്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ആ രാജ്യത്തെ വ്യക്തികള്‍ വഴിയുള്ള ധനസമാഹരണത്തിന് പ്രശ്നമില്ല. ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുകയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശം.
നോര്‍ക്ക ഡയറക്ടര്‍ എംഎ യൂസഫലിയുടെ നേതൃത്വത്തില്‍ ലോക കേരള സഭയിലെ യുഎഇ പ്രമുഖരുടെ യോഗവും പൊതുജനങ്ങളെ പങ്കെടുപ്പിച്ച് വിപുലമായ രണ്ടു യോഗങ്ങളുമാണ് പിണറായി നടത്തുക. അബുദാബി, ദുബായ്, ഷാര്‍ജ എന്നീ എമിറേറ്റുകളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. കേരളത്തിനു സഹായമായി യുഎഇ എഴുനൂറു കോടി രൂപ വാഗ്ദാനം നടത്തിയത് വിവാദമായെങ്കിലും സന്മനസ്സിന് നേരിട്ടെത്തി നന്ദി പറയുന്നതിന് മുഖ്യമന്ത്രി ഈ അവസരം വിനിയോഗിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.