കോഴിക്കോട്; ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു. ഇതോടെ അധ്യാപകരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളിലും രംഗത്തിറങ്ങി.
കുട്ടികള്‍ കൈ കഴുകാനും പാത്രം കഴുകാനും എത്തുന്നിടത്താണ് ബുധനാഴ്ച പാരപ്പെറ്റ് തകര്‍ന്ന് വീണത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ക്ലാസ് നടക്കുന്ന സമയമാതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. കേന്ദ്രീയ വിദ്യാലയത്തിലെ പകുതിയിലേറെ ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ അവസ്ഥയാണിത്.
പലയിടത്തും സീലിംഗ് അടര്‍ന്ന് വീഴുന്നു. നിര്‍മ്മാണത്തിലെ അപാകതയാണ് 42 വര്‍ഷം പഴക്കമുളള കെട്ടിടത്തിന്റ ബലക്ഷയത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ പല ദിവസങ്ങളിലും ക്ലാസ്സുകള്‍ക്ക് അവധി നല്‍കേണ്ട അവസ്ഥയാണ്.
കെട്ടിടം അപകടവസ്ഥയിലാണെന്ന് കാണിച്ച് പ്രിന്‍സിപ്പാള്‍ കേന്ദ്രീയ വിദ്യാലയ് സങ്കതന്‍ അധികൃതര്‍ക്ക് നേരത്തെ വിവരം നല്‍കിയിരുന്നു. എന്‍ ഐ ടിയിലെ വിദഗ്ദര്‍ കെട്ടിടം പരിശോധിക്കുകയും ചെയ്തു. കെട്ടിടം അപകടാവസ്ഥയിലാണെന്ന് സ്കൂള്‍ സന്ദര്‍ശിച്ച ജില്ലാ കളക്ടറും കണ്ടെത്തി. കെട്ടിടം പണിയാന്‍ തീരുമാനമായെങ്കിലും ഫണ്ട് ഇതുവരെ പാസ്സായിട്ടില്ല.
കെട്ടിടം തകര്‍ന്ന് വീണ സാഹചര്യത്തില്‍ 3100 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലെ ഹയര്‍സെക്കണ്ടറി ക്ലാസുകള്‍ക്ക് പ്രിന്‍സിപ്പല്‍ രണ്ട് ദിവസം അവധി നല്കി.