തിരുവനന്തപുരം: ബാലഭാസ്കറിനോടും കുടുംബത്തോടുമുള്ള ബന്ധം പങ്ക് വച്ച് ആര്‍ജെ ഫിറോസ്. തനിക്കേറ്റം പ്രിയപ്പെട്ട ജ്യേഷ്ഠസഹോദരനാണ് ബാലഭാസ്കര്‍ എന്ന് ഫിറോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നു. ഒരിക്കല്‍ ഫോണില്‍ സംസാരിച്ചപ്പോള്‍ ‘കുഞ്ഞാവ എന്തെടുക്കുന്നു’? എന്ന ചോദ്യത്തിന് ‘നെഞ്ചില്‍ കിടന്ന് തല കുത്തി മറിയുവാ’ എന്നായിരുന്നു ബാലഭാസ്കറിന്റെ മറുപടി എന്നും ഫിറോസ് ഓര്‍മ്മിക്കുന്നു. ആ കുടുംബത്തിന് സംഭവിച്ച ദുരന്തത്തില്‍ ആധിയും സങ്കടവും രേഖപ്പെടുത്തുന്നതോടൊപ്പം എത്രയും വേ?ഗം സുഖമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട് ഫിറോസ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കോളേജ് പഠനകാലത്ത് ഏറ്റവും അടുപ്പമുള്ള ജ്യേഷ്ഠ സഹോദരനായിരുന്നു ബാലുച്ചേട്ടന്. കക്ഷീടെ പ്രണയകാലത്തിനു സാക്ഷ്യം വഹിച്ചു ഞങ്ങള്‍ യുവജനോത്സവ വേദികളില്‍ ഇഷ്ടം പകുത്തു എത്രയോ യാത്ര ചെയ്തു! റേഡിയോയില്‍ എത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചവരില് ഒരാള്‍. ആ സ്നേഹമാണ് ഇപ്പൊ ബോധം മറഞ്ഞു 18 വര്‍ഷം കാത്തിരുന്ന് ലഭിച്ച കണ്മണി പോയതറിയാതെ ആശുപത്രിക്കിടക്കയില്‍ സര്‍ജറി മുറിയില്‍ ഉള്ളത്. വിധു പ്രതാപ് പോയി കണ്ടിട്ട് പറഞ്ഞ വാക്കുകള്‍ ഞാനും കേട്ടു. ചേച്ചി അപകട നില തരണം ചെയ്തു. ബാലുച്ചേട്ടന് സ്പൈനല്‍ കോഡിന് ഇഞ്ചുറി സംഭവിച്ച സ്ഥിതിയിലാണ്. ബിപി ഒരുപാട് താഴെയും എല്ലുകള്‍ ഒടിഞ്ഞ അവസ്ഥയിലുമാണത്രെ! സര്‍ജറിക്ക് കയറ്റിയിട്ടുണ്ട്.
മലയാളക്കരയുടെ മുഴുവന്‍ പ്രാര്‍ത്ഥനകളുണ്ട്. ബാലുച്ചേട്ടന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പ്രളയ സമയത്തു ചേട്ടന് വിളിച്ചിരുന്നു. -ഡാ ,നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട്. ഞാനും കൂടാം എന്റെ വയലിനുമായി. ക്യാമ്പുകളില്‍ വന്ന് അവരെയൊക്കെ ഒന്നുഷാറാക്കാം എന്ന് പറഞ്ഞു വയ്ക്കുമ്പോള്‍ മോളെന്തെയ്യുന്നു ചേട്ടാന്ന് ചോദിച്ചതോര്‍ക്കുന്നു. നെഞ്ചില്‍ കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി. മനസ്സിലെ നോവായി കുഞ്ഞാവ പോയി. ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ആകെ സങ്കടം, ആധി,
എത്രയും വേഗം ഭേദമാകട്ടെ