കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശരീരത്തിലെ ലവണാശംങ്ങളുടെ നഷ്ടം പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ഐവി ഫ്ലൂയിഡ് സൂക്ഷിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തില്‍.
അത്യാഹിത വിഭാഗത്തിന് അടുത്തുള്ള ഇടനാഴിയിലൂടെയാണ് മൃതദേഹവും ആശുപത്രി മാലിന്യവും പുറത്തേക്ക് കൊണ്ടുപോകുന്നത്. ഇവിടെയാണ് ഐവി ഫ്ലൂയിഡ് കൂട്ടിയിട്ടിരിക്കുന്നത്. പെട്ടികളില്‍ ചിലത് എലി കടിച്ച് മുറിച്ചിട്ടുണ്ട്. കുപ്പി പൊട്ടി മരുന്ന് ഇവിടെ ഒഴുകിയിട്ടുണ്ട്. അണുവിമുക്തമായ മുറികളില്‍ നിശ്ചിത ഊഷ്മാവില്‍ വേണം ഇത്തരം മരുന്നുകള്‍ സൂക്ഷിക്കാന്‍ എന്നാണ് മാനദണ്ഡം.
സൂര്യപ്രകാശം കടക്കാത്ത സാഹചര്യവും ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ഈ നിബന്ധനകളെല്ലാം അവഗണിച്ചിരിക്കുകയാണ് ഇവിടെ. 2021 വരെ കാലാവധിയുള്ള മരുന്നുകളാണെന്ന് ലേബലില്‍ നിന്ന് വ്യക്തം. ഓരോ വര്‍ഷവും 15 കോടിയിലധികം രൂപയുടെ മരുന്നുകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുന്നത്. സ്ഥല പരിമിതിയാണ് മരുന്നുകള്‍ ഇങ്ങനെ പുറത്ത് കൂട്ടിയിടാന്‍ കാരണമെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം.