കോഴിക്കോട്: കാലങ്ങളായി അടഞ്ഞുകിടക്കുന്ന കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന് പ്രവര്‍ത്തനാനുമതി ലഭിച്ചു. നിയമകുരുക്കുകള് അഴിഞ്ഞതോടെ ടെര്‍മിനലിലെ വാണിജ്യസമുച്ചയം വാടകയ്ക്ക് നല്‍കാനായി ഉടന്‍ ടെന്‍ഡര്‍ ചെയ്യും.
2015 ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ 65 കോടി ചെലവില്‍ ബിഒടി അടിസ്ഥാനത്തിലാണ് നിര്‍മ്മിച്ചത്. കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് നിര്‍മ്മാണം നടത്തിയ കെട്ടിടം 2016 ല്‍ സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കിയിരുന്നു. 30 വര്‍ഷത്തേക്കായിരുന്നു കരാര്‍. 50 കോടി രൂപ തിരിച്ച് നല്‍കേണ്ടാത്ത നിക്ഷേപമായും 50 ലക്ഷം രൂപ പ്രതിമാസം വാടകയായും നല്‍കണമെന്നായിരുന്നു കരാര്‍ വ്യവസ്ഥ. എന്നാല്‍ അഗ്നിശമന സേന വിഭാഗത്തിന്റെ സര്‍ട്ടിഫിക്കറ്റും കോര്‍പ്പറേഷനില്‍ നിന്ന് കെട്ടിട നമ്പറും കിട്ടാന്‍ വൈകിയതോടെ കരാര്‍ അസാധുവായി. തുടര്‍ന്ന് കരാറുകാരന് കോടതിയില്‍ പോയി. ടെന്‍ഡറില്‍ പങ്കെടുത്ത മറ്റൊരു കമ്പനിയും കോടതിയെ സമീപിച്ചതോടെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
അടുത്തിടെ അഗ്നിശമന സേന വിഭാഗത്തിന്റെ സര്‍ട്ടിഫിക്കറ്റും കോര്‍പ്പറേഷനില്‍ നിന്നും കെട്ടിട നമ്പറും കിട്ടി. കോടതിയിലെ കേസുകളും ഒത്തുതീര്‍പ്പാക്കി. രണ്ടര ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടം ഒറ്റ യൂണിറ്റായാണ് ടെന്‍ഡര്‍ ചെയ്യുക. കരാറുകാരന് മറ്റ് സ്ഥാപനങ്ങള്‍ക്ക് സ്ഥലം അനുവദിച്ച് വാടക ഈടാക്കാം. കെട്ടിട നമ്പര്‍ കിട്ടിയതോടെ വെള്ളം വൈദ്യുതി കണക്ഷനുകളും ഉടന്‍ ലഭിക്കും.