കൊച്ചി: ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ കന്യാസ്ത്രീകള്‍ നടത്തി വരുന്ന സമരവും ഇന്ന് ഔദ്യോഗികമായി സമാപിപ്പിക്കും. അറസ്റ്റ് സംബന്ധിച്ച ഓദ്യോഗിക സ്ഥിരീകരണം എത്തിയതോടെ സമരം വിജയിച്ചതായി പ്രഖ്യാപിച്ച് സേവ് സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ നിരാഹാര സമരം അവസാനിപ്പിച്ചു.
കുറവിലങ്ങാട് നിന്നുള്ള കന്യാ സ്ത്രീകളുടെ സാന്നിധ്യത്തില്‍ ഇന്നാണ് സമരത്തിന് ഓദ്യോഗിക സമാപനം ആവുക. നീതി ഉറപ്പാകും വരെ പോരാട്ടം തുടരുമെന്ന് കന്യാസ്ത്രീകള്‍ പ്രതികരിച്ചു. പതിനാലു ദിവസം മുന്‍പാണ് സഹപ്രവര്‍ത്തകയുടെ നീതിക്ക് വേണ്ടി5 കന്യാ സ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയത്. പിന്തുണയുമായി വിവിധ ഇടങ്ങളില്‍ നിന്നുള്ള സാംസ്കാരിക, സാഹിത്യ സാമൂഹ്യ പ്രവര്‍ത്തകര്‍, പൊതു ജനങ്ങള്‍, സഭാ വിശ്വാസികള്‍ എന്നിവര്‍ സമരത്തില്‍ അണി ചേര്‍ന്നു.
നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരാന്‍ തന്നെയാണ് സേവ് ഔര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൌണ്‍സില്‍ തീരുമാനം. നീതി എന്നാല്‍ അറസ്റ്റ് മാത്രമല്ലെന്ന് സിസ്റ്റര്‍ അനുപമ പ്രതികരിച്ചു. തുടര്‍ സമര നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ സേവ് ഔര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ കൊച്ചിയില്‍ യോഗം ചേരും. ജനകീയ സമര മുന്നണി നേതാക്കള്‍ അണി നിരക്കുന്ന യോഗത്തില്‍ പുതിയ സമര രീതികള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും. കന്യാസ്ത്രീകളുടെ സാന്നിദ്യത്തില് ഇന്ന് 11മണിക്ക് ആകും സമരത്തിന് ഓപചാരികമായ അവസാനം ഉണ്ടാകുക.