തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര സ്പെഷ്യല്‍ സെക്രട്ടറി ബിആര്‍ ശര്‍മ്മയുടെ നേതൃത്വത്തില്‍ പ്രളയക്കെടുതിയും കാലാവസ്ഥാ ദുരന്തവും വിലയിരുത്താന്‍ കേന്ദ്ര സംഘം സന്ദര്‍ശനം ആരംഭിച്ചു. തൃശൂര്‍,കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് സംഘം ഇന്ന് സന്ദര്‍ശനം നടത്തുന്നത്.
നീതി ആയോഗ് അഡ്വൈസര്‍ ഡോക്ടര്‍ യോഗേഷ് ഷൂരിയുടെ നേതൃത്വത്തില്‍ നാല് അംഗ സംഘമാണ് ജില്ലയില്‍ പ്രളയക്കെടുതി വിലയിരുത്തുന്നത്. ജില്ല കലക്ടര്‍ ടിവി അനുപമയും ജില്ല ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്രതിനിധികളും കേന്ദ്ര സംഘത്തെ അനുഗമിക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി എവി ധര്‍മ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള സംഘം ഉച്ചക്ക് ശേഷം കോഴിക്കോട് ജില്ലയില്‍ സന്ദര്‍ശനമാരംഭിക്കും. എറണാകുളം ജില്ലയില്‍ പറവൂര്‍, ആലുവ, താലൂക്കുകളിലാണ് സംഘം സന്ദര്‍ശനം നടത്തുന്നത്. പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള കേന്ദ്ര സംഘത്തിനു മുന്നില്‍ അവതരിപ്പിച്ചു.
തൃശൂരില്‍ ചാലക്കുടി വിആര്‍ പുരത്തെ ദുരിതാശ്വാസ ക്യാമ്പിലാണ് സംഘം ആദ്യമെത്തിയത്. തുടര്‍ന്നു ചാലക്കുടി താലൂക് ആശുപത്രിയിലും സംഘം സന്ദര്‍ശനം നടത്തി. കണ്ണപ്പന്‍കുണ്ട്, കരിഞ്ചോലമല, തിരുവമ്പാടി, കൂടരഞ്ഞി, വയനാട് ചുരം എന്നിവിടങ്ങളിലാണ് സംഘമെത്തുക. ഈ മാസം 24 വരെ പ്രളയബാധിത മേഖലകളില്‍ സംഘം സന്ദര്‍ശനം നടത്തും.