കൊച്ചി: പീഡനക്കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ തകൃതിയാകുമ്പോള്‍ മുന്‍കൂര്‍ ജാമ്യം തേടി അഭിഭാഷകന് നെട്ടോട്ടത്തില്‍. എന്നാല്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപനം വന്നിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്താല്‍ ബിഷപ്പിനെ വൈക്കം കോടതിയിലാണു ഹാജരാക്കുക. ഉറ്റബന്ധുക്കളെ ജാമ്യക്കാരാക്കി ബിഷപ്പിന്റെ അഭിഭാഷകര്‍ ജാമ്യഹര്‍ജി തയാറാക്കിയിട്ടുണ്ട്. അറസ്റ്റിലേയ്ക്ക് നീങ്ങുമെന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് അറസ്റ്റ് നടന്നുവെന്ന പ്രചാരണം നടക്കുന്നതെന്നും, ഇതുവരെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഓഫീസ് അറിയിച്ചു.
തുടരന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരാതിക്കാരിയുടെ മൊഴി വീണ്ടും എടുത്തു. വാകത്താനം സിഐ മനോജ് കുമാര്‍ നാടുകുന്ന് മഠത്തിലെത്തി പരാതിക്കാരിയായ കന്യാസ്ത്രീയുമായി സംസാരിച്ചു. ഔദ്യോഗിക മൊഴിയെടുക്കലല്ലെന്ന് സിഐ പറഞ്ഞു. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി പട്രോളിങ്ങിന് എത്തിയതായിരുന്നു. ഒപ്പം കന്യാസ്ത്രീയുമായി സംസാരിച്ചു.
അട്ടപ്പാടിയിലെ ധ്യാന കേന്ദ്രത്തില്‍ കന്യാസ്ത്രീ കുമ്പസരിച്ചതുമായി ബന്ധപ്പെട്ടു ചില സംശയങ്ങള്‍ ബാക്കിയുണ്ട്. കഴിഞ്ഞ ദിവസം ധ്യാനകേന്ദ്രം സന്ദര്‍ശിച്ച് അവിടുത്തെ വൈദികരുമായി സംസാരിച്ച കടുത്തുരുത്തി സിഐക്ക് വൈദികരില്‍ നിന്ന് അനുകൂല പ്രതികരണം ലഭിച്ചില്ല. ബിഷപ്പിനെ ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യത്തില്‍ ചില പൊരുത്തക്കേടുകള്‍ വ്യക്തമായിരുന്നു. കുമ്പസാരം സംബന്ധിച്ചു കന്യാസ്ത്രീയുടെ മറുപടി ലഭ്യമാക്കുന്നതിനാണ് സിഐ എത്തിയത്.