കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന് പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടനെന്ന് സൂചന നല്കി പോലീസ്. ചോദ്യം ചെയ്യലിനിടയിലെ മൊഴികളിലെ വൈരുദ്ധ്യമാണ് അറസ്റ്റിലേയ്ക്ക് വഴിവെയ്ക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരായ ഉടന്‍ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് പോലീസ് അറിയിച്ചുവെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.
ബിഷപ്പിനൊപ്പം എത്തിയവരോട് പുറത്തേക്ക് പോകാന്‍ ആദ്യം തന്നെ പോലീസ് ആവശ്യപ്പെടുകയായിരുന്നു. അടുത്ത ബന്ധുക്കളോടും അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് പോലീസ് സൂചന നല്‍കിയിട്ടുണ്ട്. ബിഷപ്പിന്റെ കൂടുതല്‍ വസ്ത്രങ്ങളടക്കമുള്ളവ എത്തിക്കാനും നിര്‍ദേശം നല്‍കിയതായാണ് വിവരം. കഴിഞ്ഞ ദിവസമാണ് ഇത്തരം സന്ദേശങ്ങള്‍ എത്തിക്കാനുള്ള നിര്‍ദേശങ്ങള്‍ പോലീസ് കൈമാറിയിട്ടുള്ളത്.
ഇന്ന് ഉച്ചയോടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇടക്കാല ജാമ്യത്തിനുള്ള ശ്രമം അഭിഭാഷകര്‍ തുടങ്ങിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി 25 നു പരിഗണിക്കാന്‍ ഇരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യത്തിനുള്ള നീക്കം. ഇതിനായി ജാമ്യാപേക്ഷയടക്കമുള്ള നടപടിക്രമങ്ങള്‍ അഭിഭാഷകര്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമതടസമില്ലെന്ന് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശവും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. കന്യാസ്ത്രീയുടെ വ്യക്തമായ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം, ഇക്കാര്യങ്ങളില്‍ ചോദ്യം ചെയ്യലില്‍ വ്യക്തത വരുത്തി ഉടന്‍ അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് നീക്കം. ഇന്നലെ രാത്രി ഐജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ മൊഴികള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇന്ന് കോട്ടയം എസ്പി ഐജിയുമായി കൂടിക്കാഴ്ച നടത്തിവരികയാണ്.