തിരുവനന്തപുരം: കന്യാസ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുരുക്കി മൂന്ന് ചോദ്യങ്ങള്‍. 014 മേയ് അഞ്ചിന് രാത്രിയിലും അടുത്ത ദിവസങ്ങളിലും നടന്ന സംഭവങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിലാണ് ബിഷപ്പിന് താളപിഴവ് സംഭവിച്ചത്. ബിഷപ്പിന്റെ മറുപടികളിലേറെയും ദുര്‍ബലമാണെന്ന് ചോദ്യംചെയ്യലില്‍ നിന്നും പോലീസിനു വ്യക്തമായി.
പ്രതിയുടെ മൊഴികളില്‍ പലതും വൈരുധ്യമുള്ളതുമാണ്. നിരത്തിയ വാദങ്ങളെയും ഖണ്ഡിക്കുന്നതാണ് സാഹചര്യ തെളിവുകളും, മറ്റും. കന്യാസ്ത്രീയുടെ ബന്ധുവിന്റെ കുഞ്ഞിന്റെ മാമോദീസ മേയ് ആറിന് നിശ്ചയിച്ചിരുന്നു. ഈ ചടങ്ങില്‍ ബിഷപ്പിനെ ക്ഷണിക്കണമെന്ന് ബന്ധുക്കള്‍ കന്യാസ്ത്രീയോട് ആവശ്യപ്പെട്ടു. സാധാരണഗതിയില്‍ ഇത്തരം ചടങ്ങുകള്‍ക്ക് ബിഷപ്പുമാര്‍ വരാറില്ല. അതുകൊണ്ട് വളരെ മടിച്ചാണ്, ഇതില്‍ പങ്കെടുക്കാമോയെന്ന് കന്യാസ്ത്രീ ചോദിച്ചത്. ഫ്രാങ്കോ അനുകൂലമായി പ്രതികരിച്ചു.
മേയ് അഞ്ചിന് തൃശ്ശൂരില്‍ വൈദികപട്ടം നല്കുന്ന ചടങ്ങില്‍ ബിഷപ്പ് കാര്‍മികനായിരുന്നു. അതുകഴിഞ്ഞ് താന്‍ കുറവിലങ്ങാടിനടുത്തുള്ള മഠത്തില്‍ വരുമെന്നും അടുത്തദിവസം മാമോദീസാച്ചടങ്ങില്‍ പങ്കെടുക്കാമെന്നുമാണ് ഫ്രാങ്കോ അറിയിച്ചത്. ബിഷപ്പ് വന്നദിവസം കന്യാസ്ത്രീയും കുറവിലങ്ങാടിന് അടുത്തുള്ള മഠത്തില്‍ ഉണ്ടായിരുന്നു. രാത്രിയില്‍ അവിടെ താമസിക്കാനും രാവിലെ എല്ലാവരും ഒരുമിച്ച് മാമോദീസയ്ക്ക് പോകാനും നിശ്ചയിച്ചു.
സന്തോഷത്തോടെയാണ് കന്യാസ്ത്രീ ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിയതെന്ന് ആ ദിവസം അവിടെയുണ്ടായിരുന്ന മറ്റ് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയത് പോലീസ് ചൂണ്ടിക്കാട്ടി. ഇവിടെ അതിഥിമുറിയില്‍ താമസിച്ച ഫ്രാങ്കോ ഓരോ കാരണങ്ങള്‍ പറഞ്ഞ് കന്യാസ്ത്രീയെ അവിടേക്ക് വിളിപ്പിച്ചു. ഇതിനിടെയാണ് ലൈംഗികമായി ചൂഷണം ചെയ്തത്. ആകെ തകര്‍ന്ന കന്യാസ്ത്രീ ബഹളംവെച്ചു. താന്‍ ഈ സ്ഥാപനത്തിന്റെ അധികാരിയാണെന്നും എതിര്‍ത്താല്‍ എന്തുചെയ്യാനും മടിക്കില്ലെന്നും ബിഷപ്പ് പറഞ്ഞെന്നാണ് കന്യാസ്ത്രീയുടെ മൊഴി. ഇക്കാര്യം പോലീസ് ചൂണ്ടിക്കാട്ടി. മുറിയില്‍നിന്ന് വന്നപ്പോള്‍മുതല്‍ കന്യാസ്ത്രീ മൗനത്തിലായെന്ന മറ്റുള്ളവരുടെ മൊഴിയുടെ ദൃശ്യങ്ങളും പോലീസ് കാണിച്ചു.
അറസ്റ്റിലേയ്ക്ക് വഴിവെയ്ക്കാവുന്ന മൂന്ന് ചോദ്യങ്ങള്‍,
‘അന്ന് കുറവിലങ്ങാട്ട് പോയിട്ടില്ല’…..? ആദ്യം ബലാത്സംഗം ചെയ്തെന്ന് പറയുന്ന ദിവസം കുറവിലങ്ങാട്ട് പോയിട്ടില്ലെന്നാണ് ഫ്രാങ്കോ ആദ്യം മൊഴി നല്‍കിയത്. സന്ദര്‍ശക രജിസ്റ്ററില്‍ ബിഷപ്പ് വന്നെന്നും താമസിച്ചെന്നും രേഖ ഉണ്ടായിരുന്നു. പോലീസ് തെളിവുകള്‍ നിരത്തിയതോടെ അവിടെ പോയെങ്കിലും മഠത്തില്‍ താമസിച്ചിട്ടില്ലെന്നായി ബിഷപ്പ്.
‘താമസിച്ചത് മുതലക്കോടത്തെ മഠത്തില്‍’….? കുറവിലങ്ങാട്ടല്ല തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്തെ മഠത്തിലാണ് താമസിച്ചതെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. എന്നാല്‍, കാര്‍ഡ്രൈവറുടെ മൊഴി ഫ്രാങ്കോയ്ക്ക് എതിരാണെന്ന് പോലീസ്. നിജസ്ഥിതി അറിയാന്‍ മുതലക്കോടത്തെ മഠത്തിലും പരിശോധന നടത്തിയകാര്യം പോലീസ് പറഞ്ഞു. അവിടത്തെ സന്ദര്‍ശക രജിസ്റ്ററില്‍ ബിഷപ്പ് താമസിച്ചതിന് രേഖകളില്ല. ഇതെല്ലാം കാണിച്ചതോടെ ഫ്രാങ്കോ കൂടുതല്‍ പ്രതിരോധത്തിലായി
‘ഒരുമിച്ച് ചടങ്ങില്‍ പങ്കെടുത്തു’ ….? അടുത്തദിവസം കന്യാസ്ത്രീയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ ഇരുവരും ഒപ്പം നില്ക്കുന്ന ദൃശ്യങ്ങള്‍ കാണിച്ച്, താനും അവരുമായി ഒരു പ്രശ്നവുമുണ്ടായില്ലെന്ന് ബിഷപ്പിന്റെ വാദം. എന്നാല്‍, കന്യാസ്ത്രീയുടെ ചിത്രങ്ങളിലെല്ലാം അവരുടെ സങ്കടം പ്രതിഫലിച്ചിട്ടുണ്ടെന്നായി പോലീസ്. മാത്രമല്ല, ചടങ്ങില്‍ പങ്കെടുത്ത ബന്ധുക്കള്‍, കന്യാസ്ത്രീ പതിവിന് വിരുദ്ധമായി മൗനിയായിരുന്നെന്നും കരഞ്ഞെന്നും മൊഴിനല്‍കിയതും പോലീസ് ചൂണ്ടിക്കാട്ടി.