കൊച്ചി: അഭിമന്യു കൊലപാതകത്തിന്റെ ചൂടാറും മുന്‍പേ കൊച്ചിന് യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയവാദികളുടെ നിരന്തരവധഭീഷണി.
എസ് എഫ് ഐ ജില്ലാ സെക്രട്ടറി സച്ചിന് കുര്യാക്കോസ്, എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം അമല്‍നാഥ് എന്നിവരുള്‍പ്പെടെയുള്ള നിരവധി വിദ്യാര്‍ത്ഥികളെ കുസാറ്റ് ക്യാംപസില്‍ വെച്ച് ‘മലബാറീസ്’ എന്ന പേരിലറിയപ്പെടുന്ന ഗുണ്ടാ സംഘം ആക്രമിച്ചതിനെ ന്യായീകരിച്ച് ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെഫ്റിന്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിന് താഴെയാണ് ഷെഫ്റിനെ പിന്തുണച്ചുകൊണ്ട് ജാഫര്‍ സ്രാമ്പി എന്നയാള്‍ കൊലവിളി നടത്തിയത്.
‘അഭിമന്യൂവിനെ മറന്നു അല്ലേ ഇത്ര എളുപ്പം, അത് ഒരു തുടക്കം മാത്രമാണ്. കേറി നിരങ്ങിയാല്‍ വെച്ചേക്കില്ല ഒരുത്തനേയും’; എന്നാണ് കാളികാവ് സ്വദേശിയായ ഇയാള്‍ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നവമാധ്യമങ്ങളില്‍ നിരന്തരം വ്യാജവാര്‍ത്തകള്‍ പോസ്റ്റ് ചെയ്യാറുള്ള ഷെഫ്റിന്റെ പ്രവര്‍ത്തനങ്ങളെ ചിലര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് ഇയാള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി നടത്തിയത്.